തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്രമഴ മുന്നറിയിപ്പായ റെഡ് അലര്‍ട്ട് പൂര്‍ണമായി പിന്‍വലിച്ചു.അതിതീവ്ര മഴ കുറയുന്ന സാഹചര്യത്തിലാണ് നടപടി. പതിനൊന്നു ജില്ലകളില്‍ കേന്ദ്രകാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം കൊല്ലം കസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഈ മൂന്ന് ജില്ലകളില്‍ യെല്ലോ അലർട്ടാണ് നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.വെള്ളിയാഴ്ച മുതല്‍ ഗണ്യമായി മഴ കുറയാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
പരക്കെ മഴ പെയ്യുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ട അതിശക്തമായ മഴ സംസ്ഥാനത്ത് കുറഞ്ഞ് വരികയാണ്.പെരുമഴ കെടുതിയില്‍ ഇതുവരെ 14 പേരാണ് മരിച്ചത്. അതേസമയം മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ മലയോര മേഖലകളില്‍ ജാഗ്രത തുടരണമെന്നാണ് നിര്‍ദേശം. തീരദേശത്തും ജാഗ്രതാ നിര്‍ദേശങ്ങള്‍ തുടരുകയാണ്. കടല്‍ക്ഷോഭം രൂക്ഷമായതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍പോകരുതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.