ബഗ്ദാദ്: ഇറാഖില്‍ ജനങ്ങള്‍ വീണ്ടും പാര്‍ലമെന്റ് മന്ദിരം കൈയ്യേറി. ഒരാഴ്ച്ചയ്ക്കിടെ രണ്ടാം തവണയാണ് ഇത്തരം സംഭവം. രാജ്യത്ത് സുരക്ഷാ പ്രതിസന്ധി നേരിടുന്നുവെന്നതിന്റെ സൂചന കൂടിയാണിത്. ഷിയാ നേതാവ് മുഖ്തദ അല്‍ സദറിന്റെ അനുയായികളാണ് പാര്‍ലമെന്റിലേക്ക് ഇന്നും ഇരച്ചുകയറിയത്. പോലീസും പട്ടാളവും നോക്കി നില്‍ക്കെയായിരുന്നു ജനങ്ങളുടെ കൈയ്യേറ്റം. മൂന്ന് ദിവസം മുമ്പ് ജനങ്ങള്‍ പാര്‍ലമെന്റ് കൈയ്യേറിയതിനെ തുടര്‍ന്ന് പുതിയ പ്രധാനമന്ത്രിയെ കണ്ടെത്താനുള്ള സെഷന്‍ റദ്ദാക്കിയിരുന്നു.
ഇന്ന് ജനക്കൂട്ടം വീണ്ടും എത്തിയതിനെ തുടര്‍ന്ന് പോലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ പലവഴികളിലൂടെയായി ജനങ്ങള്‍ എത്തിയതോടെ പോലീസിന്റെ തന്ത്രങ്ങള്‍ ഫലിച്ചില്ല. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മതിയായ സുരക്ഷ ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി മുസ്തഫ അല്‍ ഖാദിമി പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. പോലീസ് നടപടിയില്‍ നിരവധി സമരക്കാര്‍ക്ക് പരിക്കേറ്റെങ്കിലും അവര്‍ പിന്തിരിഞ്ഞില്ല. ഇപ്പോള്‍ പാര്‍ലമെന്റ് മന്ദിരം ജനങ്ങളുടെ നിയന്ത്രണത്തിലാണ്.
ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇറാഖ്. ഇന്ത്യ കൂടുതല്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് ഇറാഖ്. ഇവിടെ ആഭ്യന്തര കുഴപ്പങ്ങളുണ്ടാകുന്നത് ഇന്ത്യയ്ക്കും തിരിച്ചടിയാകും. ഇറാഖിലെ വിവാദങ്ങള്‍ എണ്ണവില ഉയര്‍ത്താന്‍ കാരണമാകുമോ എന്നാണ് സാമ്പത്തിക നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ ഇറാഖില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടന്നിരുന്നു. ഷിയാ നേതാവ് മുഖ്തദ അല്‍ സദറിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ സഖ്യമാണ് കൂടുതല്‍ സീറ്റ് പിടിച്ചത്. എന്നാല്‍ മറ്റു കക്ഷികള്‍ അംഗീകരിക്കാത്തതിനാല്‍ ഫലം അട്ടിമറിക്കപ്പെട്ടുവെന്ന് സദറിന്റെ അനുകൂലികള്‍ പറയുന്നു. ശേഷം ഏതാനും പാര്‍ട്ടികള്‍ ചേര്‍ന്നുള്ള മുന്നണിയാണ് ഭരണത്തിലെത്തിയത്.