പ്രാകൃതമായ ശിക്ഷാ വിധികള്‍ നടപ്പാക്കുന്ന മതകോടതികള്‍ക്ക് പേരുകേട്ടതാണ് പല പശ്ചിമേഷ്യന്‍ രാജ്യങ്ങളും, അതില്‍ നിന്നും വിഭിന്നമല്ല ഇറാന്‍. കഴിഞ്ഞ ദിവസം ഇറാനില്‍ മൂന്ന് സ്ത്രീകളെ വധശിക്ഷയ്ക്ക് വിധേയമാക്കി. ഭര്‍ത്താക്കന്മാരെ കൊന്നു എന്നതായിരുന്നു കാരണം. അതില്‍ ഇപ്പോള്‍ 25 വയസുള്ള സൊഹീല അബാദി എന്ന സ്ത്രീയും ഉള്‍പ്പെടുന്നു. സൊഹീല അബാദിയുടെ വധശിക്ഷ റദ്ദാക്കാന്‍ നിരവധി പ്രക്ഷോഭങ്ങളുണ്ടായെങ്കിലും മത കോടതികള്‍ അത്തരം ആവശ്യങ്ങളൊന്നും കണക്കിലെടുത്തില്ല. ഒരാഴ്ചയ്ക്കിടെ മാത്രം രാജ്യത്ത് 32 പേരെയാണ് തൂക്കിലേറ്റിയത്.
സൊഹീല അബാദിയുടെ വിവാഹം 15-ാം വയസിലായിരുന്നു. ഭര്‍ത്താവിന്‍റെ നിരന്തര പീഡനത്തിനൊടുവില്‍ സഹികെട്ടാണ് സൊഹീല തന്‍റെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. എന്നാല്‍, മത കോടതിക്ക് മുന്നില്‍ സൊഹീല ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഒരു സ്ത്രീ മാത്രമാണ്. മറിച്ച് അവള്‍ക്കേറ്റ ഗാര്‍ഹീക പീഢനം മതകോടതികള്‍ക്ക് സ്വീകാര്യമായിരുന്നില്ല.
ഒടുവില്‍ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ഭര്‍ത്താക്കന്മാരെ കൊലപ്പെടുത്തിയ മറ്റ് രണ്ട് സ്ത്രീകള്‍ക്കൊപ്പം ഇറാനില്‍ സൊഹീല അബാദിയെയും തൂക്കിലേറ്റി. സൊഹീലയ്ക്ക് നീതി ആവശ്യപ്പെട്ട് മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തിയിരുന്നെങ്കിലും അത്തരം വിഷയങ്ങളൊന്നും മതകോടതിയുടെ പരിഗണനയ്ക്ക് പോലും വന്നില്ല.