സംസ്ഥാനത്ത് രാസകീടനാശിനി ഉപയോഗം കുറഞ്ഞെന്ന് കൃഷിവകുപ്പിന്റെ കണക്ക്. നാല് വർഷത്തിനിടെ 644.47 മെട്രിക് ടണ്ണിന്റെ കുറവാണ് കാണിക്കുന്നത്. 2015-16-ൽ1123.42 മെട്രിക് ടൺ ആയിരുന്നു രാസകീടനാശിനി ഉപയോഗം. എന്നാലിത് 2020-21-ൽ 478.95 മെട്രിക് ടണ്ണായി കുറഞ്ഞു.
രാസകീടനാശിനി ഉപയോഗിത്തിന്റെ ദോഷങ്ങളെക്കുറിച്ച് നടത്തിയ ബോധവത്കരണമാണ് ഉപയോഗം കുറയ്കാൻ ഇടയാക്കിയതെന്ന് കൃഷിവകുപ്പ് പറയുന്നു. അതേസമയം, കൃഷിവകുപ്പിന്റെ അഭിപ്രായം പൂർണമായി അംഗീകരിക്കാൻ കഴിയില്ലെന്ന് പറയുന്നുവരുമുണ്ട്. നിരോധിച്ച കള, കീടനാശിനികൾ പലതും മറ്റ് പേരുകളിൽ ലഭ്യമാണ്. ഇത് ലൈസൻസും മറ്റും ഇല്ലാത്ത കടകളിലൂടെ രഹസ്യമായി വിൽക്കുന്നു. കുടിവെള്ളത്തിനും മറ്റും മാരകദോഷമുണ്ടാക്കുമെന്ന് തെളിയിച്ച കീടനാശിനികൾ പുതിയ രൂപത്തിൽ എത്തിയിട്ടുണ്ട്.
രാസവളം ഒഴിവാക്കാനും സഹായം ലഭിക്കും
പരമ്പരാഗത കൃഷിവികാസ് യോജനപദ്ധതിയിൽ രാസകീടനാശിനി ഒഴിവാക്കാൻ കൃഷി ക്ലസ്റ്ററുകൾക്ക് ഒരോന്നിനും ഒന്നാംവർഷം 3.36 ലക്ഷവും രണ്ടാംവർഷം 3.46 ലക്ഷവും മൂന്നാം വർഷം 3.36 ലക്ഷവും നൽകുന്നുണ്ട്. വയനാട്ടിൽ 100 ഹെക്ടറിൽ ഇത് ആരംഭിച്ചിട്ടുണ്ട്.
ഭാരതീയം പ്രകൃതിക് കൃഷി പദ്ധതിയിൽ ക്ലസ്റ്റർ ഒന്നിന് ഒന്നാംവർഷം 26.52 ലക്ഷവും രണ്ടാംവർഷം 17.85 ലക്ഷവും മൂന്നാം വർഷം 17.85 ലക്ഷവും വീതം ആനുകൂല്യം നൽകും. പരമ്പരാഗത വിത്തിനങ്ങൾ ഉപയോഗിച്ചുള്ള നാടൻ കൃഷിക്കാണ് സഹായം.
പരിമിതി
ജൈവ ഉത്പന്നങ്ങൾക്കുള്ള ഉത്പാദനച്ചെലവ് അധികമായതിനാൽ വിലയും കൂടുതലാണ്. വിപണി കണ്ടെത്താനും പ്രയാസം.
ജൈവകൃഷിക്ക് വേണ്ടിവരുന്ന നാടൻ പശുക്കളുടെ ചാണകം അടക്കമുള്ള വസ്തുക്കളുടെ കുറവ്.
കാലാവസ്ഥാമാറ്റം വരുത്തിവെക്കുന്ന പുതിയിനം കീടങ്ങളുടെ ഉപദ്രവം ചെറുക്കാൻ ജൈവകീടനാശിനികൾക്കുള്ള പരിമിതി.