ന്യൂഡൽഹി • സ്ഥാനമൊഴിയുന്ന രാഷ്ട്രപതി റാം നാഥ് കോവിന്ദ് കഴിഞ്ഞ മാസം ജന്മഗ്രാമം സന്ദർശിച്ചപ്പോൾ ഒരു കാര്യം പറഞ്ഞു: ‘എന്നെപ്പോലെ ഒരാളെ ഈ ഉത്തരവാദിത്തത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിജി തിരഞ്ഞെടുത്തുവെന്നത് അദ്ഭുതകരമായ കാര്യമാണ്’.
ആ ഒരു വാചകത്തിലുണ്ട് ആദിവാസി വിഭാഗത്തിൽ നിന്ന് ഒരു വനിതയെ രാഷ്ട്രപതി പദത്തിലേക്ക് ബിജെപി കൊണ്ടുവരുന്നതിന്റെ രാഷ്ട്രീയം. ദ്രൗപദിയെ നിശ്ചയിച്ചപ്പോൾ വ്യാപകമായി വിലയിരുത്തപ്പെട്ടതുപോലെ ഗോത്രവർഗ മേഖലയിൽ സ്വാധീനമുണ്ടാക്കിയെടുക്കുക, തിരഞ്ഞെടുപ്പുകളിൽ ജയിക്കുക എന്നതു മാത്രമല്ല, പാർശ്വവൽക്കരിക്കപ്പെട്ടവർക്കു വേണ്ടിക്കൂടി സംസാരിക്കുന്ന പാർട്ടിയാണിത് എന്ന സന്ദേശമാണു നൽകുന്നത്. പാർശ്വവൽക്കരിക്കപ്പെട്ടവർ എന്നു മുദ്രകുത്തപ്പെട്ട വിഭാഗങ്ങളിൽ നിന്നുള്ളവരെ പരിഗണിക്കുന്നതും ഭരണഘടനാപരമായ പരമോന്നത പദവികൾവരെ പ്രാപ്യമാക്കുന്നതും ആരാണെന്നതിന്റെ സൂചന കൂടിയാണത്.
ബിജെപിക്കുമേൽ ആരോപിക്കപ്പെടുന്ന വരേണ്യ വർഗ രാഷ്ട്രീയത്തിൽ നിന്നു മാറിനിന്നവരാണ് എൻഡിഎയുടെ കണ്ടെത്തിയ 3 രാഷ്ട്രപതിമാരും. എ.പി.ജെ.അബ്ദുൽകലാം, റാം നാഥ് കോവിന്ദ് ഇപ്പോൾ ദ്രൗപദി മുർമു. മോദിയുടെ ‘സബ് കാ സാഥ്, സബ്കാ വികാസ്, സബ് കാ വിശ്വാസ്’ എന്ന മുദ്രാവാക്യത്തിന്റെ പ്രതീകമായാണ് ദ്രൗപദിയുടെ സ്ഥാനാർഥിത്വം വിശേഷിപ്പിക്കപ്പെട്ടിരുന്നത്.