ന്യൂഡൽഹി: ചെന്നൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് ഒമ്പത് കോടി രൂപയുടെ ഹെറോയിൻ പിടികൂടി കസ്റ്റംസ് അധികൃതർ. 1.266 കിലോ ഗ്രാം തൂക്കമുള്ള ഹെറോയിൻ ടാൻസാനിയൻ പൗരനിൽ നിന്നാണ് പിടികൂടിയത്.
എത്യോപ്യൻ എയർലൈൻസ് വിമാനത്തിൽ ഉഗാണ്ടയിലെ എന്റെബെയിൽ നിന്നെത്തിയ വ്യക്തിയിൽ നിന്നാണ് ഹെറോയിൻ കണ്ടെത്തിയത്. ജൂലൈ 14നായിരുന്നു ഇയാൾ എയർപോർട്ടിലെത്തിയത്. ശരീരത്തിനുള്ളിൽ നിന്നും ശസ്ത്രക്രിയയിലൂടെയായിരുന്നു ഹെറോയിൻ പുറത്തെടുത്തതെന്ന് കസ്റ്റംസ് അറിയിച്ചു. 86 ക്യാപ്‌സൂളുകൾ ഇയാളുടെ വയറ്റിൽ നിന്നും പുറത്തെടുത്തു. നാളുകൾക്ക് മുമ്പ് അഞ്ച് കോടി രൂപയുടെ 63 ക്യാപ്‌സൂൾ ഹെറോയിൻ വിഴുങ്ങിയ ആളെ ചെന്നൈ വിമാനത്താവളത്തിൻ നിന്നും പിടികൂടിയിരുന്നു. ഇതിനിടെ അമൃത്സർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് വൻ സ്വർണവേട്ടയും കസ്റ്റംസ് നടത്തി. 49 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ ബിസ്‌കറ്റുകളാണ് ദുബായിൽ നിന്നെത്തിയ ആളിൽ നിന്നും കസ്റ്റംസ് അധികൃതർ പിടികൂടിയത്.