പ്ലസ് വണ്‍ പ്രവേശനം വീണ്ടും നീട്ടി: ഇനിയും കാത്തിരിക്കാനാകില്ല,നിലപാട് വ്യക്തമാക്കി സര്‍ക്കാര്‍

0
43

കോഴിക്കോട്: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാൻ ഒരുദിവസം കൂടി നീട്ടി നൽകി ഹൈക്കോടതി. സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിക്കാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. എന്നാൽ, സ്റ്റേറ്റ് സിലബസിൽ പഠിച്ച വിദ്യാർഥികൾ ഒരു മാസമായി പ്രവേശനത്തിന് കാത്തിരിക്കുകയാണെന്നും ഇനി സമയം നീട്ടി നൽകാൻ കഴിയില്ലെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി.

സിബിഎസ്ഇ ഫലം കാത്തിരിക്കുന്ന വിദ്യാർഥികളും അവരുടെ മാതാപിതാക്കളുമാണ് ഇതുസംബന്ധിച്ച് ഹൈക്കോടതിയെ സമീപിച്ചത്. സമയം നീട്ടി നൽകിയില്ലെങ്കിൽ തങ്ങൾക്ക് തുടർപഠനം അസാധ്യമാകുമെന്ന് കാണിച്ചാണ് ഇവർ ഹർജി നൽകിയത്. എന്നാൽ, സമയം നീട്ടുന്നത് അധ്യയന വർഷത്തെ മുഴുവനായി താളം തെറ്റിക്കുമെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

 

നാല് ലക്ഷത്തോളം വിദ്യാർഥികൾ ഇതിനോടകം പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ചതായി സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. പ്രവേശന നടപടികൾ പൂർത്തിയാക്കി അടുത്തമാസം പതിനേഴോടെ ക്ലാസുകൾ തുടങ്ങിയാൽ പോലും പാഠഭാഗങ്ങൾ പൂർണമായി പഠിപ്പിച്ച് തീർക്കാനാകുമോ എന്ന ആശങ്കയും സർക്കാർ കോടതിയെ അറിയിച്ചു. ശനിയാഴ്ചകൾ പ്രവൃത്തി ദിവസമാക്കിയാലും പാഠഭാഗങ്ങൾ തീരില്ലെന്നും ആ സാഹചര്യത്തിൽ ഇനിയും സമയം നീട്ടി നൽകാനാവില്ലെന്നും സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു. അതേസമയം സിബിഎസ്ഇ പത്താം ക്ലാസ് ഫലപ്രഖ്യാപന തീയ്യതി നാളെ പ്രഖ്യാപിച്ചേക്കും. രണ്ട് ദിവസത്തിനകം ഫലം പ്രഖ്യപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സിബിഎസ്ഇ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here