ന്യൂഡൽഹി : ഇന്ത്യയുടെ 15–ാമത് രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് പാർലമെന്റിലും സംസ്ഥാന നിയമസഭകളിലുമായി ഇന്നു നടക്കും. എൻഡിഎ സ്ഥാനാർഥി ദ്രൗപദി മുർമുവും സംയുക്ത പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹയും തമ്മിലാണു മത്സരം. 60 ശതമാനത്തിലേറെ വോട്ട് ലഭിക്കുമെന്നു കരുതുന്ന ദ്രൗപദി മുർമു ജയമുറപ്പിച്ചു. വോട്ടെണ്ണൽ 21ന് പാർലമെന്റ് മന്ദിരത്തിൽ നടക്കും. പുതിയ രാഷ്ട്രപതി അടുത്ത തിങ്കളാഴ്ച സ്ഥാനമേൽക്കും.
രാവിലെ 10 മുതൽ 5 വരെയാണു വോട്ടിങ്. പാർലമെന്റിലെ 63–ാം നമ്പർ മുറിയിലും അതതു നിയമസഭകളിൽ പ്രത്യേകം സജ്ജമാക്കിയ ബൂത്തിലുമാണു വോട്ടെടുപ്പ് നടക്കുക. 94 പേർ നാമനിർദേശ പത്രിക നൽകിയിരുന്നെങ്കിലും മുർമുവും സിൻഹയും മാത്രമേ മത്സരരംഗത്ത് അവശേഷിക്കുന്നുള്ളൂ. രാജ്യസഭാ സെക്രട്ടറി ജനറൽ പി.സി.മോദിയാണ് വരണാധികാരി.