കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ നവജാതശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിൽ വിഷപ്പാമ്പ്. വ്യാഴാഴ്ച രാത്രി 9 ഓടെയാണ് പാമ്പിനെ കണ്ടത്. പുറത്തിരിക്കുകയായിരുന്ന കൂട്ടിരിപ്പുകാരാണ് ഐസിയുവിൽനിന്ന് പാമ്പ് പുറത്തേക്ക് വരുന്നത് കണ്ടത്. ഇവരുടെ ബഹളംകേട്ട് ഓടിയെത്തിയവർ പാമ്പിനെ നീക്കി. വെള്ളിക്കെട്ടൻ എന്ന പാമ്പാണിതെന്നാണ് പ്രാഥമിക വിവരം.
ചുറ്റുപാടും പടർന്നുകയറിയ ചെടികളിലൂടെയാണ് പാമ്പ് ഐസിയുവിലേക്ക് കയറിയതെന്നാണ് സൂചന. 15 കുട്ടികളും നഴ്‌സുമാരുമാണ് ഐസിയുവിൽ ഉണ്ടായിരുന്നത്. ഐസിയുവിന് പുറത്തെ വരാന്തയിലാണ് കൂട്ടിരിപ്പുകാർ രാത്രിയിൽ ഉറങ്ങാറുള്ളത്. മെഡിക്കൽ കോളേജിന്റെ എട്ടാംനിലയിലേക്ക് പടർന്നുകയറിയ കാട്ടുവള്ളിയിലൂടെ മൂർഖൻപാമ്പ് വാർഡിലേക്ക് കയറിയ സംഭവം മുൻപ് ഉണ്ടായിട്ടുണ്ട്.