ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് കാരണമായ കുര്‍ദിഷ്-ഇറാന്‍ വനിത മഹ്സ അമിനിക്ക് യൂറോപ്യന്‍ യൂണിയന്റെ മനുഷ്യാവകാശ പുരസ്‌കാരം. സോവിയറ്റ് വിമതനായ ആന്ദ്രേ സഖറോവിന്റെ പേരിലുള്ള പരമോന്നത മനുഷ്യാവകാശ പുരസ്‌കാരമാണ് 22 കാരിയായ മഹ്സ അമിനിക്ക് സമര്‍പ്പിച്ചത്. കഴിഞ്ഞ വര്‍ഷം പോലീസ് കസ്റ്റഡിയില്‍ വെച്ച്മഹ്സ അമിനി മരിച്ചതിന് പിന്നാലെയാണ് രാജ്യവ്യാപകമായി ഹിജാബ് വിരുദ്ധ പ്രക്ഷോഭം ആഞ്ഞടിച്ചത്.
മനുഷ്യാവകാശങ്ങളും മൗലിക സ്വാതന്ത്ര്യങ്ങളും സംരക്ഷിക്കുന്ന വ്യക്തികളെയോ ഗ്രൂപ്പുകളെയോ ആദരിക്കുന്നതിനായി 1988-ല്‍ ആണ് സോവിയറ്റ് വിമതനായ ആന്ദ്രേ സഖറോവിന്റെ പേരിലുള്ള പുരസ്‌കാരം നല്‍കി തുടങ്ങിയത്. പിന്നാലെ സമാധാനത്തിനുള്ള നോബല്‍ സമ്മാന ജേതാവായ സഖറോവ് 1989-ല്‍ അന്തരിച്ചു.
നിക്കരാഗ്വയിലെ മനുഷ്യാവകാശ സംരക്ഷണത്തിനായുള്ള പോരാട്ടം പരിഗണിച്ച് വില്‍മ ന്യൂനെസ് ഡി എസ്‌കോര്‍ഷ്യ, റോമന്‍ കാത്തലിക് ബിഷപ്പ് റൊളാന്‍ഡോ എല്‍വാരസ് എന്നിവരും സൗജന്യവും സുരക്ഷിതവും നിയമപരവുമായ ഗര്‍ഭച്ഛിദ്രം ഉറപ്പാക്കാനായി പോരാടിയ പോളണ്ട് , എല്‍ സാല്‍വഡോര്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്ന് സ്ത്രീകളും ഈ വര്‍ഷത്തെ പുരസ്‌കാരത്തിനുള്ള അന്തിമ പട്ടികയില്‍ ഇടംപിടിച്ചിരുന്നു.
ഹിജാബ് ശരിയായി ധരിക്കാത്തതിന് 22 കാരിയായ മഹ്‌സ അമിനിയെ ഇറാന്റെ മതകാര്യ പോലീസ് 2022 സെപ്റ്റംബറിലാണ് അറസ്റ്റ് ചെയ്തത്. രാജ്യത്തിന്റെ ഹിജാബ് ചട്ടങ്ങള്‍ പാലിക്കുന്നില്ലെന്ന് ആരോപിച്ച് കസ്റ്റഡിയിലിരിക്കെ മഹ്സയെ സദാചാര പോലീസ് ചമഞ്ഞവര്‍ കൊലപ്പെടുത്തി. പിന്നാലെ ഹിജാബിനെതിരെയും മതകാര്യ പോലീസിനെതിരെയും പ്രതിഷേധവുമായി സ്ത്രീകള്‍ തെരുവിലിറങ്ങുകയും ഇവരെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സ്ത്രീകളുടെ ഈ പോരാട്ടം മതകാര്യ പൊലീസിനെ പിരിച്ച് വിടാന്‍ ഇറാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കി.
സ്ത്രീകളുടെ ശക്തമായ പ്രതിഷേധം കണക്കിലെടുത്ത് പോലീസ് മേധാവി കേണല്‍ അഹമ്മദ് മിര്‍സായിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇറാന്റെ മതകാര്യ പോലീസ് ഗഷ്റ്റ്-ഇ-ഇര്‍ഷാദ് അല്ലെങ്കില്‍ ഗൈഡന്‍സ് പട്രോള്‍ എന്നും അറിയപ്പെടുന്നു. 2006 ലാണ് പൊലീസിന്റെ ഈ യൂണിറ്റ് സ്ഥാപിതമായത്.