കോട്ടയം: പേവിഷബാധയേറ്റ അതിഥി തൊഴിലാളി അര്‍ദ്ധ രാത്രി ആശുപത്രിയില്‍ നിന്നും കടന്നുകളഞ്ഞതായി പരാതി. കോട്ടയം മെഡിക്കല്‍ കോളേജിലാണ് സംഭവം. ഇതോടെ ജില്ലയില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. യുവാവിനായി പൊലീസ് ജില്ലയില്‍ വ്യാപകമായി തിരച്ചില്‍ നടത്തുകയാണ്. ഇന്നലെ രാത്രി 12.30 ഓടെയാണ് സംഭവം നടന്നത്.
അസം സ്വദേശിയായ ജീവന്‍ ബറുവ ( 39) ആണ് കടിയേറ്റതിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടാന്‍ എത്തിയത്്. തുടര്‍ന്ന് വിദഗ്ദ പരിശോധന വേണമെന്ന് ആവശ്യപ്പെട്ട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പറഞ്ഞയക്കുകയായിരുന്നു. രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഇയാള്‍ 10.30 ഓടെ അത്യാഹിത വിഭാഗത്തില്‍ എത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
തുടര്‍ന്ന് യുവാവിനെ സാംക്രമിക രോഗ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ഇവിടെ നിന്ന് യുവാവ് ഇറങ്ങിയോടുകയായിരുന്നു. സംഭവം ഉടന്‍ ആശുപത്രി അധികൃതര്‍ പെലീസിനെ വിവരം അറിയിച്ചു. ഇതോടെ ജില്ലയില്‍ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. യുവാവിനൊപ്പം എത്തിയ രണ്ട് സുഹൃത്തുക്കളെയും കാണാനില്ല.