ദില്ലി: കേരളത്തില്‍ ആദ്യത്തെ മങ്കി പോക്‌സ് സ്ഥിരീകരിച്ചതിന് പിന്നാലെ മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. അന്താരാഷ്ട്ര യാത്രക്കാര്‍ രോഗലക്ഷണമുള്ളവരുമായി അകലം പാലിക്കണമെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. വന്യ മൃഗങ്ങളുമായി അകലം പാലിക്കണം, ആഫ്രിക്കന്‍ വന്യജീവികളുടെ മാംസം കഴിക്കരുത് എന്നിങ്ങനെയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍.
വൈറസ് കണ്ടെത്തുന്നതിനായി രാജ്യത്തുടനീളം 15 ഗവേഷണ, ഡയഗ്‌നോസ്റ്റിക് ലബോറട്ടറികള്‍ക്ക് പരിശീലനം നല്‍കിയതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ( ഐ സി എം ആര്‍ ) വെള്ളിയാഴ്ച അറിയിച്ചു. കുരങ്ങുപനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊതുജനാരോഗ്യ നടപടികള്‍ സ്വീകരിക്കുന്നതിന് സംസ്ഥാന ആരോഗ്യ അധികാരികളുമായി സഹകരിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച ഉന്നതതല മള്‍ട്ടി ഡിസിപ്ലിനറി ടീമിനെ കേരളത്തിലെത്തി.
കഴിഞ്ഞ പന്ത്രണ്ടാം തീയതി യുഎഇ സമയം വൈകുന്നേരം 5 മണിക്കുള്ള ഷാര്‍ജ തിരുവനന്തപുരം ഇന്‍ഡിഗോ വിമാനത്തിലാണ് (6ഋ 1402, സീറ്റ് നമ്പര്‍ 30 സി) ഇദ്ദേഹം എത്തിയത്. വിമാനത്തില്‍ 164 യാത്രക്കാരും 6 കാബിന്‍ ക്രൂബുമാണ് ഉണ്ടായിരുന്നത്. അതില്‍ ഇദ്ദേഹത്തിന്റെ തൊട്ടടുത്ത സീറ്റുകളിലിരുന്ന 11 പേര്‍ ഹൈ റിസ്‌ക് കോണ്ടാക്ട് പട്ടികയിലുള്ളവരാണ്. ഈ വിമാനത്തില്‍ യാത്ര ചെയ്തവര്‍ സ്വയം നിരീക്ഷണം നടത്തുകയും 21 ദിവസത്തിനകം എന്തെങ്കിലും രോഗലക്ഷണമുണ്ടെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയും വേണം. പലരുടേയും ഫോണ്‍ നമ്പര്‍ ലഭ്യമല്ലാത്തതിനാല്‍ പോലീസിന്റെ സഹായത്തോടു കൂടി ഇവരെ ബന്ധപ്പെട്ടു വരുന്നു.