അമ്പലപ്പുഴ പാല്‍പ്പായസം (ഗോപാല കഷായം)
തിരുവിതാംകൂറിന്റെ തനത് രുചിക്കൂട്ടുകളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നതാണ് അമ്പലപ്പുഴ പാൽ പായസം. അമ്പലപ്പുഴ പാല്‍ പായസം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമുക്ക് നാവില്‍ വെള്ളമൂറും. അത്രയ്ക്ക് രുചികരമാണ് ഈ പായസം.
ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴയിൽ സ്ഥിതിചെയ്യുന്ന ചരിത്രവും ഐതിഹ്യവും ലയിച്ച അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. പാർത്ഥസാരഥി സങ്കല്പത്തിൽ വലതുകൈയ്യിൽ ചമ്മട്ടിയും ഇടതുകൈയ്യിൽ പാഞ്ചജന്യവുമായി നിൽക്കുന്ന പ്രതിഷ്ഠയാണ് ഇവിടുത്തേത്. ലോകപ്രസിദ്ധമായ അമ്പലപ്പുഴ പാൽപ്പായസ൦ ഇവിടുത്തെ പ്രധാനപ്പെട്ട നിവേദ്യമാണ്.
ഇതിന്‍റെ ആരംഭത്തെ കുറിച്ച് ചില ഐതിഹ്യങ്ങളുണ്ട്.
ഇന്നത്തെ അമ്പലപ്പുഴ പണ്ട് ചെമ്പകശ്ശേരി എന്ന നാട്ടുരാജ്യമായിരുന്നു. അവിടത്തെ രാജാവിന്‍റെ പരദേവതയായിരുന്നു അമ്പലപ്പുഴ ശ്രീകൃഷ്ണന്‍. ചതുരംഗഭ്രാന്തന്‍ ആയിരുന്നു ചെമ്പകശ്ശേരി രാജാവ്. ഒരിക്കല്‍ അദ്ദേഹം മത്സരത്തിനായി ഒരു വെല്ലുവിളി നടത്തി. ആരും അത് ഏറ്റെടുത്തില്ല. അങ്ങനെയിരിക്കെ ഒരുസാധു മനുഷ്യന്‍ മുന്നോട്ടു വന്ന് ആ വെല്ലുവിളി ഏറ്റെടുത്തു.
ചെമ്പകശ്ശേരി രാജാവ് കളിയില്‍ തോറ്റാല്‍ അറുപത്തിനാല് കളങ്ങള്‍ ഉള്ള ചതുരംഗ പലകയില്‍ ആദ്യത്തെ കളത്തില്‍ ഒരു നെന്മണി, രണ്ടാമത്തേതില്‍ രണ്ട്, മൂന്നാമത്തേതില്‍ നാല്, നാലാമത്തേതില്‍ എട്ട്, ഇങ്ങനെ ഇരട്ടി ഇരട്ടി നെല്‍മണികള്‍ പന്തയം വച്ചു. കളിയില്‍ രാജാവ് തോറ്റു. രാജ്യത്തുള്ള നെല്ല് മുഴുവന്‍ അളന്നു വച്ചിട്ടും അറുപത്തിനാലാമത്തെ കളം എത്തിയില്ല.
അപ്പോള്‍ സാധു മനുഷ്യന്‍റെ രൂപത്തില്‍ വന്ന കൃഷ്ണന്‍ തനിരൂപം കാണിച്ചു. രാജാവ് ക്ഷമ . ചോദിക്കുകയും തുടർന്ന് ദിവസവും അമ്പലപ്പുഴ ക്ഷേത്രത്തിൽ പാല്‍പ്പായസം നിവേദിച്ചു കടം വീട്ടാന്‍ ആവശ്യപ്പെട്ടു കൃഷ്ണന്‍ അപ്രത്യക്ഷന്‍ ആകുകയും ചെയ്തു എന്നാണ് ഒരു കഥ.
എന്തായാലും അങ്ങനെ ഏറ്റവും രുചികരമായ ഒരു നിവേദ്യം പിറവി കൊണ്ടു.
അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിവേദ്യമായി പായസം ഉണ്ടാക്കുന്നതിന്റെ കണക്കു ഇങ്ങനെയാണ്
ദിവസവും രാവിലെ 6 മണിക്ക് തന്നെ വലിയൊരു വാര്‍പ്പില്‍ ക്ഷേത്ര കിണറ്റിൽ നിന്നും കോരിയെടുക്കുന്ന വെള്ളം തിളപ്പിച്ച് ഒരു മണിക്കൂറിന് ശേഷം ശുദ്ധമായ പശുവിൻ പാൽ ചേര്‍ത്ത്, സാവധാനത്തില്‍ വറ്റിച്ച്, വെള്ളം വറ്റി പാൽ കുറുകിയ ശേഷം അരി ചേര്‍ത്ത്, അരി അതില്‍ വെന്ത് പാലിന്‍റെ പത്തില്‍ ഒന്ന് ഭാഗം വറ്റി കഴിയുമ്പോള്‍ പഞ്ചസാര ചേര്‍ത്ത് പാകമാക്കുന്നു. തുടർന്ന് ഉച്ചപൂജ സമയത്ത് ഭഗവാന് നിവേദിക്കുന്നു.
അമ്പലപ്പുഴ പാൽപായസത്തിന്‍റെ രുചി അനുഭവിച്ച തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന മാര്‍ത്താണ്ഡവര്‍മ്മ കൃത്യമായ് ചേരുവകകള്‍ ചേര്‍ത്ത് ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലും തിരുവിതാംകൂര്‍ കൊട്ടാരത്തിലും അമ്പലപ്പുഴ പാല്‍പായസം തയ്യാറാക്കുവാൻ ശ്രമിച്ചെങ്കിലും പായസത്തിന്റെ യഥാർത്ഥ രുചി ലഭിച്ചില്ല എന്ന് ചരിത്രമുണ്ട്. കൃത്യമായ ചേരുവകൾ ചേർത്ത് വീട്ടിൽ തയ്യാറാക്കുന്ന പാൽപായസത്തിന് ഒരിക്കലും ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന പാൽപ്പായസത്തിന്റെ രുചി ലഭിക്കാറില്ല എന്നതാണ് സത്യം. ഇതിന് കാരണമായി പറയുന്നത്, ക്ഷേത്ര കിണറിലെ വെള്ളത്തിന്റെ പ്രത്യേകതയാണ് എന്നാണ്.
അമ്പലപ്പുഴ പാല്‍പായസത്തിന്റെ രുചിയെ കുറിച്ച് മറ്റൊരു ചരിത്രവും കൂടിയുണ്ട്. പണ്ടൊരിക്കല്‍ തിരുവിതാംകൂർ മഹാരാജാവ് ഒരു വലിയസദ്യ നടത്തി. പ്രശസ്തരായ പലരും ആ സദ്യയില്‍ അന്ന് പങ്കെടുത്തു. കൂട്ടത്തില്‍ സരസനും, കവിയും ഓട്ടംതുള്ളല്‍ രചയിതാവുമായ കുഞ്ചന്‍നമ്പ്യാരും ഉണ്ടായിരുന്നു.
സദ്യയില്‍ വിളമ്പിയ എല്ലാ വിഭവങ്ങളും വയറു നിറയെ കഴിച്ച നമ്പ്യാര്‍ പറഞ്ഞു “എനിക്ക് തൃപ്തിയായി, ഇനി എനിക്ക് ഒന്നും കഴിക്കാന്‍ പറ്റില്ല”. നമ്പ്യാരെ ഒന്ന് പരീക്ഷിക്കാന്‍ മഹാരാജാവ് ഉടനെ അമ്പലപ്പുഴ പാൽ പായസം കൊണ്ട് വരാന്‍ കല്‍പ്പിച്ചു. മഹാരാജാവിനു അതൃപ്തി ഉണ്ടാകുമെന്ന് ഭയന്ന് നമ്പ്യാര്‍ പാല്‍പായസം കഴിച്ചു.
മഹാരാജാവ്: “നമ്പ്യാരെ.. നിങ്ങള്‍ പറഞ്ഞല്ലോ വയറു നിറച്ചു ആഹാരം കഴിച്ചത് കൊണ്ട് ഇനി ഒന്നും കഴിക്കാന്‍ സ്ഥലമില്ലെന്ന്‍.. പിന്നെങ്ങിനെയാണ് ഇത്രയും പാല്‍ പായസ്സം കഴിച്ചത്?
ഫലിതക്കാരനായ കുഞ്ചൻ നമ്പ്യാരുടെ പെട്ടെന്നുള്ള മറുപടി: “മഹാരാജാവേ.. ഒരു ഇഞ്ച് സ്ഥലം പോലും ബാക്കിയില്ലാതെ കൂടി നില്‍ക്കുന്ന ഒരു ജനകൂട്ടത്തെ ഒന്ന് സങ്കല്‍പ്പിച്ചു നോക്കൂ. മഹാരാജാവ് അതിനിടയില്‍ കൂടി വരുന്നെന്നു പ്രഖ്യാപിച്ചാല്‍ അവിടെ വഴി ഉണ്ടാകില്ലേ? അത് പോലെ പാല്‍പായസം ഉള്ളില്‍ ചെല്ലുമ്പോള്‍ അവിടെയുള്ള എല്ലാം പായസത്തിനു വഴി മാറി കൊടുക്കും.”
അക്ഷരാർത്ഥത്തിൽ എല്ലാ പായസങ്ങളുടെയു൦ “മഹാരാജാവ്” തന്നെയാണ് അമ്പലപ്പുഴ പാല്‍പായസം.
തിരുവിതാംകൂറിന്റെ അഭിമാനമായ ഒട്ടേറെ രുചിക്കൂട്ടുകളുണ്ട്. അവയെല്ലാത്തിന്റെ പിന്നിലും ചരിത്രവും ഐതിഹ്യവുമൊക്കെ കലർന്ന ഉത്‌ഭവകഥകളുമുണ്ടാകും… കൊട്ടാരക്കര ഉണ്ണിയപ്പവും അമ്പലപ്പുഴ പാൽപ്പായസവും അവയിൽ ചിലത് മാത്രം!