ചേമ്പന അടുപ്പ് കോളനിയിലെ ആദിവാസികളുടെ ജീവിതം നേരിട്ടറിയാൻ കേന്ദ്ര സഹമന്ത്രി ഭഗവന്ത് ഖുബ എത്തി.

0
108

പാലക്കാട്• ചേമ്പന അടുപ്പ് കോളനിയിലെ ആദിവാസികളുടെ ജീവിതം നേരിട്ടറിയാൻ കേന്ദ്ര സഹമന്ത്രി ഭഗവന്ത് ഖുബ എത്തി. ഇന്നലെ ഉച്ചയോടെ മലമ്പുഴയിലെത്തിയ അദ്ദേഹം അവർക്കൊപ്പം ആഹാരവും കഴിച്ചാണ് മടങ്ങിയത്. മഴപെയ്തു ചെളി നിറഞ്ഞ വഴികളിലൂടെ നടന്ന് എത്തിയ മന്ത്രിയെ ഊരുമൂപ്പൻ പി.മാധവന്റെ നേതൃത്വത്തിൽ ഷാൾ അണിയിച്ച് സ്വീകരിച്ചു.

ഊരു നിവാസികളും സന്തോഷത്തിലായിരുന്നു. മന്ത്രിയെ ഒന്നു കാണണം. ബുദ്ധിമുട്ടുകൾ അറിയിക്കണം. ‘വെള്ളവും കറന്റും ഇല്ല. ആന ഇറങ്ങി കൃഷി നശിപ്പിക്കും. ഇന്നലെയും 9 ആനകൾ കോളനിയുടെ സമീപമെത്തി. പേടിയോടെയാണ് കിടന്നുറങ്ങുന്നത്. കോളനിയിലേക്കു വഴിയില്ല’. പള്ളിപ്പാറ കോളനിയിലെ സുധർമയും കുഞ്ചിദേവിയും ആവശ്യങ്ങൾ ഓരോന്നായി മന്ത്രിയോട് പറഞ്ഞു.

സംസ്ഥാന സർക്കാരാണ് പ്രശ്നങ്ങൾക്കു പരിഹാരം കാണേണ്ടതെന്നും കലക്ടറുമായി വിഷയം ചർച്ച ചെയ്യുമെന്നും മന്ത്രി ഉറപ്പു നൽകി. കോളനിയിലെ കുട്ടികളോടു നന്നായി പഠിച്ച് നല്ല ജോലി വാങ്ങണമെന്ന സ്നേഹോപദേശവും നൽകി. ആദിവാസികളുടെ ക്ഷേമത്തിന് പ്രഥമ സ്ഥാനം മോദി സർക്കാർ നൽകുന്നുണ്ടെന്നും ദ്രൗപതി മുർമുവിനെ രാഷ്ട്രപതി സ്ഥാനാർഥി ആക്കിയതോടെ ഇന്ത്യയിലെ ആദിവാസികൾ ഒന്നാം സ്ഥാനത്ത് എത്തിയെന്നും അദ്ദേഹം പറഞ്ഞു.

മലമ്പുഴ പഞ്ചായത്ത് 4–ാം വാർഡ് അംഗം റാണി ശെൽവന്റെ വീട്ടിലായിരുന്നു മന്ത്രിക്ക് ഉച്ചഭക്ഷണം ഒരുക്കിയത്. സാമ്പാറും അവിയലും ഉൾപ്പെടെയുള്ള സദ്യയായിരുന്നു ഒരുക്കിയിരുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here