കോഴിക്കോട്: ജില്ലയിൽ കനത്ത മഴ തുടരുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയിലും കാറ്റിലും കോഴിക്കോട് ജില്ലയിൽ 20 വീടുകൾ ഭാഗികമായി തകർന്നതായി ജില്ലാ ദുരന്ത നിവാരണ സെൽ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആകെ 16 വില്ലേജുകളിലാണ് നാശനഷ്‌ടങ്ങൾ റിപ്പോർട് ചെയ്‌തത്.
കൊയിലാണ്ടി താലൂക്കിൽ 13 വീടുകൾക്കും വടകര താലൂക്കിൽ 5 വീടുകൾക്കും കോഴിക്കോട് താലൂക്കിൽ ഒരു വീടിനും താമരശേരിയിൽ ഒരു വീടിനുമാണ് കേടുപാടുകൾ സംഭവിച്ചത്. അതിനിടെ, കനത്ത മഴയെ തുടർന്ന് കണ്ണൂർ, കൊട്ടിയൂർ-മാനന്തവാടി റോഡിൽ കല്ല് ഇടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. പാൽച്ചുരം ചെകുത്താൻ റോഡിന് സമീപത്താണ് സംഭവം.
ചുരത്തിന് മുകളിൽ നിന്ന് വലിയ കരിങ്കല്ലിനൊപ്പം മരങ്ങളും മണ്ണും റോഡിലേക്ക് പതിക്കുകയായിരുന്നു. വൈകിട്ട് നാല് മണിയോടെയാണ് സംഭവം. തലശ്ശേരിയിൽ പഴയ കിണർ മൂടുന്നതിനിടെ മണ്ണിനൊപ്പം കിണറിൽ അകപ്പെട്ട തൊഴിലാളിയെ പരിക്കുകളോടെ രക്ഷിച്ചു. കനത്ത മഴയിൽ കിണറിന് സമീപമുള്ള മണ്ണ് കിണറിലേക്ക് വീഴുകയായിരുന്നു. തലശ്ശേരി കുട്ടി മാക്കൂൽ മൂഴിക്കരയിലെ മങ്ങാടൻ പ്രകാശനാണ് (50) ജോലിക്കിടയിൽ അപകടത്തിൽ പെട്ടത്.