കോഴിക്കോട്: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പൊതുവേദിയില്‍ സമസ്ത നേതാവ് എം ടി അബ്ദുള്ള മുസ്ലിയാര്‍ അപമാനിച്ച വിഷയത്തില്‍ പ്രതികരിക്കുന്നില്ലേ എന്ന് ചോദിച്ചുള്ള കമന്റിന് മറുപടിയുമായി നടി റിമ കല്ലിങ്കല്‍. റിമ കല്ലിങ്കല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിന് താഴെയാണ് ഒരാള്‍ വിഷയത്തില്‍ പ്രതികരിക്കുന്നില്ലേ എന്ന പരിഹാസരൂപേണ കമന്റിട്ടത്. ഇതിന് അധികം വൈകാതെ തന്നെ റിമ കല്ലിങ്കല്‍ മറുപടിയും കൊടുത്തു.
‘ചേച്ചിക്ക് ഉസ്താദിനോട് ഒന്നും പറയാനില്ലെ? ഒന്നും മൊഴിഞ്ഞില്ലല്ലോ’ എന്നായിരുന്നു റിമ കല്ലിങ്കലിന്റെ ചിത്രത്തിന് താഴെ വന്ന കമന്റ്. ‘ചേട്ടന്‍ എന്നെ പണി ഏല്‍പ്പിച്ച് ബാങ്കില്‍ പേയ്‌മെന്റ് ഇട്ടിരുന്നോ’ എന്നായിരുന്നു ഈ കമന്റിന് റിമ കല്ലിങ്കല്‍ നല്‍കിയ മറുപടി. കഴിഞ്ഞ ദിവസം മദ്‌റസ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് സര്‍ട്ടിഫിക്കറ്റ് വിതരണത്തിനായി പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സംഘാടകര്‍ വേദിയിലേക്ക് ക്ഷണിച്ചത്.
പെണ്‍കുട്ടികളെ ഒന്നും ഇങ്ങോട്ട് വിളിക്കണ്ട. സമസ്തയുടെ തീരുമാനം നിങ്ങള്‍ക്കറിയില്ലേ എന്നും വേദിയില്‍ നിന്ന് ചോദിച്ചിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയാകുകയും ചെയ്തിരുന്നു. സമസ്ത വിദ്യാഭ്യാസ ബോര്‍ഡിന്റെ തലവനാണ് അബ്ദുള്ള മുസ്ലിയാര്‍. അതേസമയം, വിഷയത്തില്‍ അബ്ദുള്ള മുസ്ലിയാരെ പിന്തുണച്ച് എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് രംഗത്തെത്തിയിരുന്നു.
എം ടി അബ്ദുള്ള മുസ്ലിയാര്‍ക്കെതിരെ ഉയര്‍ന്നു വന്ന വിമര്‍ശനങ്ങള്‍ നിഷ്‌കളങ്കമല്ലെന്നായിരുന്നു പി കെ നവാസ് അഭിപ്രായപ്പെട്ടത്. ഇസ്ലാമോഫോബിക് കണ്ടന്റായി സമൂഹ മാധ്യമങ്ങളില്‍ ഇത്തരം വിഷയങ്ങള്‍ പ്രചരിപ്പിക്കുന്നത് ഈ അടുത്ത് ഉയര്‍ന്നുവന്ന ചില വര്‍ഗീയ സംഘടനകളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ അബ്ദുള്ള മുസ്ലിയാരുടെ നടപടി ചോദ്യം ചെയ്യുന്ന നിലപാടാണ് എം എസ് എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ സ്വീകരിച്ചത്.