കരമന കൂടത്തില്‍ കുടുംബത്തിലെ സ്വത്ത് തട്ടിപ്പ് കേസില്‍ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ക്ക് എതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ തീരുമാനം. ജില്ലാ ക്രൈംബ്രാഞ്ച് സംഘമാണ് കുറ്റ പത്രം തയാറാക്കുന്നത്. കേസില്‍ കൂടുതല്‍ പേരെ പ്രതി ചേര്‍ക്കാനും ആലോചനയുണ്ട്. ദുരൂഹ മരണങ്ങളില്‍ അന്വേഷണം തുടരുന്നതായി അന്വേഷണ സംഘം വ്യക്തമാക്കി.
കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ക്കെതിരെ കൂടുതല്‍ തെളിവുകളുണ്ടെന്ന് ഇന്നലെയാണ് പുറത്തു വരുന്നത്. രണ്ട് പ്രധാന തെളിവുകളായിരുന്നു ഇയാള്‍ക്കെതിരെ ഉണ്ടായിരുന്നത്. ഉമാമന്ദിരത്തില്‍ വച്ചല്ല സാക്ഷ്യപത്രത്തില്‍ ഒപ്പിട്ടതെന്ന് സാക്ഷിമൊഴിയില്‍ വ്യക്തമായി. മറ്റൊന്ന്, തട്ടിപ്പ് നടന്നു വെന്ന് പരാതിയില്‍ പറയുന്ന കാലയളവില്‍ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായരുടെ അക്കൗണ്ടില്‍ അനധികൃതമായി പണമെത്തിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.ഇതിന് പിന്നാലെയാണ് സ്വത്ത് തട്ടിപ്പ് കേസില്‍ രവീന്ദ്രന്‍ നായര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. ജില്ലാ ക്രൈംബ്രാഞ്ച് സംഘം കുറ്റപത്രം തയാറാക്കി വരികയാണ്. കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ക്ക് സഹായം നല്‍കി വരുന്ന മൂന്നിലധികം ആളുകളെ പ്രതി ചേര്‍ക്കാനും അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്
അതേസമയം, 2003 ന് ശേഷം കൂടത്തില്‍ കുടുംബത്തില്‍ നടന്ന ദുരൂഹ മരണത്തിലും അന്വേഷണം നടക്കുന്നുണ്ട്.