പെരിന്തൽമണ്ണ • അരിയിലെ ‘പോഷകാംശങ്ങൾ’ പെറുക്കിക്കളയരുതെന്ന് ഭക്ഷ്യവകുപ്പിന്റെ നിർദേശം. കുട്ടികളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമാക്കി സ്കൂൾ ഉച്ചഭക്ഷണത്തിന് വിവിധ പോഷകാംശങ്ങൾ ഉൾപ്പെടുത്തിയ പ്രത്യേക അരി (ഫോർട്ടിഫൈഡ് റൈസ്) വിതരണത്തിന് എത്തിയപ്പോഴാണ് സ്കൂളിലെ ‘പാചകവിദഗ്ധർ’ മോശം അരിയെന്നു പറഞ്ഞ് നിറവ്യത്യാസമുള്ളവ പെറുക്കിക്കളഞ്ഞത്.
എന്നാൽ അത് അരിയിലെ നിറവ്യത്യാസമല്ലെന്നും അയേൺ, ഫോളിക് ആസിഡ്, വൈറ്റമിൻ ബി 12 എന്നിവ നിശ്ചിത അനുപാതത്തിൽ ഉൾപ്പെടുത്തി പ്രത്യേകം തയാറാക്കിയതാണെന്നുമുള്ള വിശദീകരണവുമായി അധികൃതർ എത്തിയിരിക്കുന്നത്. ഈ നിറവ്യത്യാസം പല സ്‌കൂളുകളിലും ആശയക്കുഴപ്പം സൃഷ്‌ടിച്ച സാഹചര്യത്തിൽ സ്‌കൂളുകളിലെ ഉച്ചഭക്ഷണ ചുമതലയുള്ള അധ്യാപകർക്ക് സപ്ലൈകോയും എഫ്‌സിഐയും പ്രത്യേക പരിശീലനവും ബോധവൽക്കരണവും നൽകാനും പദ്ധതിയുണ്ട്.
കുട്ടികളിൽ പോഷകാഹാര കുറവു കൊണ്ടുള്ള വളർച്ചക്കുറവും വിളർച്ചയും പഠന വൈകല്യങ്ങളും മറ്റും പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫോർട്ടിഫൈഡ് റൈസ് നൽകുന്നത്. ഇതോടൊപ്പം അങ്കണവാടികളിലേക്കും പോഷകാംശങ്ങൾ ഉൾപ്പെടുത്തിയ അരി വിതരണം തുടങ്ങിയിട്ടുണ്ട്.
2024 ഓടെ റേഷൻ ഉൾപ്പെടെ സർക്കാർ പദ്ധതികളിലെല്ലം പോഷകാംശങ്ങൾ ഉൾപ്പെടുത്തിയ അരി വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. പോഷകാംശമേറിയ അരി ഈർപ്പം തട്ടാത്ത സാഹചര്യത്തിൽ വേണം സൂക്ഷിക്കാൻ. എഫ്‌സിഐ ഗോഡൗണുകൾ വഴിയാണ് വിദ്യാലയങ്ങൾക്കും അങ്കണവാടികൾക്കും ഫോർട്ടിഫൈഡ് അരി നൽകുന്നത്. സ്‌കൂളുകളിലേക്ക് എത്തുന്ന അരിയിൽ 1:100 എന്ന അനുപാതത്തിലാണ് പോഷകസമൃദ്ധമായ അരി ചേർക്കുന്നത്.
ഇതുമൂലമാണ് അരിയിൽ നിറവ്യത്യാസം കാണപ്പെട്ടത്. പോഷകസമൃദ്ധമായ അരി സ്‌കൂളുകളിൽ സൂക്ഷിക്കേണ്ടവിധവും അരി പാകം ചെയ്യേണ്ട വിധവും സംബന്ധിച്ചും അധ്യാപകർക്കും സ്കൂൾ അധികൃതർക്കും പരിശീലനം നൽകുന്നുണ്ട്.