സ്റ്റോക്കോം • ഇന്ത്യൻ സൂപ്പർതാരം നീരജ് ചോപ്ര ലോക അത്‍ലറ്റിക്സിൽ മറ്റൊരു ചരിത്രനേട്ടം കൂടി എറിഞ്ഞിട്ടു. സ്റ്റോക്കോം ഡയമണ്ട് ലീഗിൽ ജാവലിൻ ത്രോയിൽ കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത നീരജിന് വെള്ളി. 89.94 മീറ്റർ ദൂരം പിന്നിട്ട നീരജ് തന്റെ പേരിലുള്ള ദേശീയ റെക്കോർഡും തിരുത്തി.
ഡയമണ്ട് ലീഗ് അത്‍ലറ്റിക്സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും നീരജിന് സ്വന്തമായി. ലോക ചാംപ്യൻ ഗ്രനാഡയുടെ ആൻഡേഴ്സൻ പീറ്റേഴ്സനാണ് സ്വർണം (90.31 മീറ്റർ). 4 വർഷത്തെ ഇടവേളയ്ക്കുശേഷം ഡയമണ്ട് ലീഗിൽ മത്സരിക്കാനെത്തിയ നീരജ് ആ ഊഴത്തിൽ തന്നെ 89.94 മീറ്റർ പിന്നിട്ട് എല്ലാവരെയും വിസ്മയിപ്പിച്ചു. കരിയറിലെ തന്റെ മികച്ച പ്രകടനത്തേക്കാൾ 64 സെന്റിമീറ്റർ അധിക ദൂരമാണ് ആ ത്രോയിലൂടെ നീരജ് കണ്ടെത്തിയത്.