തിരുവനന്തപുരം: അനധികൃത ബ്രൂവറി അനുവദിക്കുന്നത് സംബന്ധിച്ച കേസിൽ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ സർക്കാരിന് തിരിച്ചടി. ഇത് സംബന്ധിച്ച ക്രമക്കേട് നടന്നിട്ടുണ്ടെന്നും നികുതി വകുപ്പിലെ ഫയലുകൾ വിളിച്ചുവരുത്തണമെന്നും ആവശ്യപ്പെട്ട് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിലൻസ് കോടതിയിൽ ഹർജി നൽകിയിരുന്നു. ഇത് പരിഗണിച്ച് ഫയലുകൾ വിളിച്ചുവരുത്താൻ കോടതി അനുമതി നൽകി. മാത്രമല്ല, ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്യാം.
ക്രമക്കേട് നടന്നിട്ടില്ലെന്നും ഹർജി തള്ളണമെന്നും സാക്ഷിമൊഴികൾ രേഖപ്പെടുത്താൻ അനുവദിക്കരുതെന്നും സർക്കാർ എതിർ ഹർജി നൽകിയരുന്നെങ്കിലും ഇതും കോടതി തള്ളി. കേസിന്റെ തുടർ നടപടികൾ അവസാനിപ്പിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടിരുന്നു. രമേശ് ചെന്നിത്തലയുടെ ആവശ്യം കോടതി അംഗീകരിച്ചതോടെ ഇത് സംബന്ധിച്ച വിശദാംശങ്ങൾ അദ്ദേഹത്തിന് ലഭിക്കും. ഇത് പരിശോധിച്ചാകും തുടർനടപടി. കേസിൽ ജൂലായ് 17-ന് വിസ്താരം തുടങ്ങും.