ശ്രീനഗര്‍: ജമ്മു കാശ്മീരിലെ 20 ജില്ലകളിലായി നടന്ന ഡിസ്ട്രിക്‌ട് ഡവലെപ്പ്‌മെന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലില്‍ ഫറൂഖ് അബ്ദുള്ള നേതൃത്വം നല്‍കുന്ന പീപ്പിള്‍സ് അലെയ്ന്‍സ് ഫോര്‍ ഗുപ്കാര്‍ ഡിക്ലറേഷന്‍ മുന്നേറ്റം. 280 സീറ്റുകളിലേക്കായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. 2,181 സ്ഥാനാര്‍ഥികള്‍ രംഗത്തുണ്ടായിരുന്നു. അവസാന ഫലസൂചനകള്‍ അനുസരിച്ച് ഗുപ്കാര്‍ സഖ്യം 81 സീറ്റുകളിലും ബിജെപി 47 സീറ്റുകളിലും ഒറ്റക്ക് മത്സരിച്ച കോണ്‍ഗ്രസ് 21 സീറ്റുകളിലും ലീഡ് നേടിയിട്ടുണ്ട്.
കാശ്മീരില്‍ ഗുപ്കാര്‍ സഖ്യവും ജമ്മുവില്‍ ബിജെപിയമാണ് മുന്നേറുന്നത്. ജമ്മുവില്‍ 44 സീറ്റുകളിലാണ് ബിജെപി മുന്നേറ്റം. ഗുപ്കാര്‍ സഖ്യം 20 സീറ്റുകളിലാണ് മുന്നേറുന്നത്.കാശ്മീരില്‍ ഗുപ്കാര്‍ സഖ്യം 61 സീറ്റുകളില്‍ മുന്നിലാണ്. ഇവിടെ ബിജെപിക്ക് മൂന്ന് സീറ്റുകളില്‍ മാത്രമേ ലീഡ് നേടാനായുള്ളു.
എട്ട് ഘട്ടങ്ങളിലായി ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ് നടന്നത്. നവംബര്‍ 28നായിരുന്നു ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. ഡിസംബര്‍ 19 നാണ് അവസാനഘട്ട വോട്ടെടുപ്പ് നടന്നത്. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനുശേഷം ആദ്യം നടക്കുന്ന തിരഞ്ഞെടുപ്പാണ് ഡിസ്ട്രിക്‌ട് ഡെവലപ്പ്‌മെന്റ് കൗണ്‍സില്‍ തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പില്‍ ഫറൂഖ് അബ്ദുള്ളയുടെ നാഷണല്‍ കോണ്‍ഫറന്‍സ്, മെഹബൂബ മുഫ്തിയുടെ പിഡിപി അടക്കമുള്ള പാര്‍ട്ടികള്‍ ഗുപ്കാര്‍ സഖ്യത്തിനു കീഴിലാണ് മത്സരിച്ചത്.