ന്യൂഡൽഹി: അഗ്നീവീറുകളും മറ്റ് സൈനികരും തമ്മിൽ വിവേചനമില്ലെന്നും സേനയെ ചെറുപ്പമാക്കുകയാണ് ലക്ഷ്യമെന്നും പ്രതിരോധ മന്ത്രാലയം. ജോലിക്കിടെ ജീവഹാനി സംഭവിച്ചാൽ ഒരു കോടി രൂപ നഷ്ടപരിഹാരം നൽകും. ഇപ്പോഴുള്ള 46,000 മാത്രമല്ല 1.25 ലക്ഷം വരെ അഗ്നിവീറുകളുടെ എണ്ണത്തിൽ വർധനവുണ്ടാക്കുമെന്നും പ്രതിരോധ മന്ത്രാലയത്തിന് വേണ്ടി സൈനിക പ്രതിനിധികൾ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
46,000 പേരെ തിരഞ്ഞെടുത്ത് പദ്ധതിയെ വിശദമായി പരിശോധിക്കുകയാണ് ഇപ്പോൾചെയ്യുന്നത്. അടുത്ത നാല് അഞ്ച് വർഷത്തിനുള്ളിൽ 90000 പേരെ അഗ്നിപഥിലേക്ക് തിരഞ്ഞെടുക്കും. സിയാച്ചിൻപോലുള്ള മേഖലകളിൽ ജോലിചെയ്യുന്ന സൈനികർക്കും അഗ്നീവീറുകൾക്കും ഒരേ സേവന, വേതന വ്യവസ്ഥകളാണ് ഉണ്ടായിരിക്കുകയെന്നും വാർത്താ സമ്മേളനത്തിൽ പ്രതിരോധമന്ത്രാലയം അഡീഷണണൽ സെക്രട്ടറി ലെഫ്റ്റ്. ജനറൽ അരുൺ പുരി വ്യക്തമാക്കി.
വർഷങ്ങൾക്ക് മുന്നെ ചർച്ചയിലുള്ളതാണ് സേനയുടെ നവീകരണം. പെട്ടെന്നെടുത്ത തീരുമാനമായിരുന്നില്ല. ആദ്യ ബാച്ചിന്റെ രജിസ്ട്രേഷൻ നടപടികൾ ജൂൺ 24 മുതൽ ജൂലായ് 24 വരെയുള്ള സമയത്ത് പൂർത്തിയാക്കും. തുടർന്ന് ഓൺലൈൻ പരീക്ഷ നടത്തും. ആദ്യ ബാച്ച് ഡിസംബർ മാസത്തിൽ സേനയുടെ ഭാഗമാവും. ആ മാസം തന്നെ പരിശീലന പരിപാടികളും ആരംഭിക്കാൻ കഴിയുമെന്ന് എയർമാർഷൽ എസ്.കെ ഷാ വ്യക്തമാക്കി.
നവംബർ 21 ഓടെ അഗ്നിവീറുകളുടെ ആദ്യ നാവിക ബാച്ച് പരിശീലന പരിപാടികൾക്കായി ഒഡിഷയിലെ ഐ.എൻ.എസ് ചിൽക്കയിലെത്തും. അതിൽ പെൺകുട്ടികളും ആൺകുട്ടികളുമുണ്ടാവുമെന്ന് നാവിക സേനാ വൈസ് അഡ്മിറൽ ദിനേഷ് ത്രിപാഠി വ്യക്തമാക്കി.
അപേക്ഷകർ ഒരു തരത്തിലുമുള്ള വിധ്വംസക പ്രവർത്തനങ്ങളിലും ഉൾപെട്ടിട്ടില്ലെന്ന സത്യവാങ്മൂലം നൽകണം. പോലീസ് പരിശോധന പൂർത്തിയാവാത്ത ഒരാൾക്കും സേനയുടെ ഭാഗമാവാൻ കഴിയില്ല. തീവെയ്പ്പുകാർക്കും കലാപക്കാർക്കും സേനയിൽ സ്ഥാനമില്ലെന്നും അധികൃതർ വ്യക്തമാക്കി.