ചണ്ഡീഗഢ്: പഞ്ചാബിൽ പുതിയ മദ്യനയം നിലവിൽ വരുന്നതോടെ ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ വില വൻതോതിൽ കുറയുമെന്ന് റിപ്പോർട്ട്. പഞ്ചാബിലെ ആംആദ്മി സർക്കാരിന്റെ 2022-23 വർഷത്തെ മദ്യനയം ജൂലായ് ഒന്നുമുതൽ പ്രാബല്യത്തിലാകുന്നതോടെ മദ്യത്തിന് 35 ശതമാനം മുതൽ 60 ശതമാനംവരെ വില കുറയും.
മദ്യം വാങ്ങാനാവുന്നതിന്റെ പരിധി എടുത്തുകളയാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. പുതിയ മദ്യനയം പ്രകാരം ഓരോ മദ്യനിർമാതാക്കൾക്കും പ്രത്യേകം വിതരണക്കാരെ നിയമിക്കും. അവരായിരിക്കും ചില്ലറ വിൽപനക്കാർക്ക് മദ്യം എത്തിച്ചുനൽകുക. സംസ്ഥാനത്ത് പുതിയ ഡിസ്റ്റിലറികൾ സ്ഥാപിക്കുന്നതിനുള്ള നിരോധനം പിൻവലിക്കാനും തീരുമാനിച്ചിട്ടുണ്ട്.
പഞ്ചാബിൽ ബിയറിന്റെ വില ഹരിയാനയിലേതിനേക്കാൾ 10-15 ശതമാനം കുറയും. ഇതു പ്രകാരം ഒരു കുപ്പിക്ക് ഇരുപത് രൂപയോളം വിലക്കുറവുണ്ടാകും. നിലവിൽ പഞ്ചാബിൽ 700 രൂപയ്ക്ക് വിൽക്കുന്ന ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെ വില 400 രൂപയായി കുറയും.
ഹരിയാനയിൽന്നും ചണ്ഡീഗഢിൽനിന്നും പഞ്ചാബിലേക്കുള്ള അനധികൃത മദ്യക്കടത്ത് തടയുക എന്നതാണ് പുതിയ മദ്യനയത്തിലൂടെ സർക്കാർ ഉദ്ദേശിക്കുന്നത്. മദ്യ കള്ളക്കടത്ത് തടയുന്നതോടെ 40 ശതമാനം വരുമാനം വർധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. മദ്യവിൽപന വർധിക്കുമെന്നും കഴിഞ്ഞ വർഷം ലഭിച്ച 6,158 കോടി രൂപയേക്കാൾ ഇത്തവണ 9,647.85 കോടി രൂപ വരുമാനമായി ലഭിക്കുമെന്നും സർക്കാർ കണക്കുകൂട്ടുന്നു.