പൂരാവേശത്തിൽ തൃശൂർ. ചെറുപൂരങ്ങളുടെ വരവ് തുടങ്ങി. ആവേശം കൊടുമുടി കയറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പൂരനഗരിയിലേക്കെത്തി. നെയ്‌തിലക്കാവിലമ്മയെയും തിടമ്പേറ്റിയാണ് ഇത്തവണ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പൂരനഗരിയിലേക്കെത്തിയത്. ആയിരങ്ങളാണ് നെയ്‌തിലക്കാവിലമ്മയെയും തിടമ്പേറ്റി വരുന്ന ഗജരാജൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കാണാൻ കാത്തുനിന്നത്.
വാദ്യഘോഷം തീർക്കുന്ന മഠത്തിൽവരവ് പഞ്ചവാദ്യം രാവിലെ പതിനൊന്നരയോടെ തുടങ്ങും. ഉച്ചയ്ക്ക് 12.15 നാണ് പാറമേക്കാവിന്റെ എഴുന്നള്ളത്ത്. രണ്ടു മണിക്ക് ഇലഞ്ഞിത്തറമേളം. തിരുവമ്പാടിയുടെ മഠത്തില്‍ വരവ് പഞ്ചവാദ്യവും, പാറമേക്കാവിന്റെ ഇലഞ്ഞിത്തറമേളവും പൂരനഗരിയെ അക്ഷരാർത്ഥത്തിൽ ആവേശഭരിതമാക്കും. വൈകിട്ടാണ് വിശ്വപ്രസിദ്ധമായ തെക്കോട്ടിറക്കവും കുടമാറ്റവും. നാളെയാണ് അടുത്ത പൂരത്തിന്റെ തീയതി പ്രഖ്യാപിച്ച് തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിയുക.
പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങള്‍ ഗജവീരന്‍മാരെ അണി നിരത്തി പരസ്‌പരം മത്സരിക്കുന്ന കാഴ്‌ചയാണ് പൂര ദിനത്തിലെ മുഖ്യ ആകര്‍ഷണങ്ങളിലൊന്ന്. മണിക്കൂറുകളോളം നീണ്ട് നില്‍ക്കുന്ന കുടമാറ്റം തന്നെയാണ് ഏറെ കാത്തിരിക്കുന്ന കാഴ്‌ച. ഇതിന് ശേഷം പുലര്‍ച്ചെയോടെയാണ് വെടിക്കെട്ട് നടക്കുക.