പ്രധാന ദേവതയായി സൂര്യനെ പ്രതിഷ്ഠിച്ചിരിക്കുന്ന ഒരു ക്ഷേത്രം

0
89

കേരളത്തിലെ ഒരേയൊരു സൂര്യ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ആദിത്യപുരം അറിയപ്പെടുന്ന തീര്‍ത്ഥാടന കേന്ദ്രമാണ്. ആദ്യ കാലങ്ങളില്‍ ഈ പ്രദേശം രവിമംഗലം എന്നും ഇരവിമംഗലം എന്നുമെല്ലാം അറിയപ്പെട്ടിരുന്ന ഇവിടം സൂര്യ ക്ഷേത്രത്തിന്റെ വരവോടു കൂടിയാണ് ആദിത്യപുരമായി മാറിയതെന്ന് ചരിത്രം പറയുന്നത്.

തപസ്സിരിക്കുന്ന രീതിയിലുള്ള അത്യപൂര്‍വ്വമായ പ്രതിഷ്ഠയാണ് ഇവിടെ ശിവന്‍റേതായി ഉള്ളത്. ശംഖും ചക്രവും ഓരോ കൈയിലും മറ്റ് രണ്ടു കൈകള്‍ മടിയില്‍ വച്ച് തപസ് അനുഷ്ഠിക്കുന്ന ഭാവത്തിലുമുള്ള പ്രതിഷ്ഠാ വിഗ്രഹം ശിലയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. പടിഞ്ഞാറാണ് വിഗ്രഹത്തിന്‍റെ ദര്‍ശനം. പ്രപഞ്ച സൃഷ്ടിയുടെ സമയത്ത് മറ്റു ദേവഗണങ്ങളെ അപേക്ഷിച്ച് സൂര്യനു മാത്രമേ പ്രത്യക്ഷ രൂപം ഉണ്ടായിരുന്നുവുള്ളുവെങ്കിലും ശക്തി മറ്റു ദേവങ്ങള്‍ക്കുള്ളത്രയും മാത്രമായിരുന്നു സൂര്യനുണ്ടായിരുന്നത്. ഇതില്‍ പരാതിയുള്ള സൂര്യ ദേവന്‍ അതായത് ആദിത്യന്‍ തപസ്സു ചെയ്യുകയും മഹാമായ പ്രത്യക്ഷപ്പെടുകയും ആറുനാഴിക പുലരുന്നതുവരെ മറ്റ് ദേവീദേവന്മാര്‍ക്കുള്ള ശക്തികൂടി ആദിത്യനുണ്ടാകട്ടെ എന്ന് അനുഗ്രഹിക്കുകയും ചെയ്തു. ഈ തപസ്സനുഷ്ഠിച്ചു കൊണ്ടിരുന്ന രൂപത്തിലാണ് സൂര്യഭഗവാനെ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.

ആദിത്യപുരത്ത് സൂര്യദേവനെത്തിയതിനു പിന്നിലും ഒരു കഥയുണ്ട്. ത്രേതാ യു‌ഗം മുതൽക്കേ ഇവിടെ സൂര്യ ദേവന്റെ പ്രതിഷ്ഠ ഉള്ളതായി ഐ‌തിഹ്യങ്ങൾ പറയുന്നുണ്ട്. എന്നാൽ ക്ഷേത്രത്തി‌ന്റെ പഴക്കം ‌തെളിയിക്കുന്ന തെളിവുകളൊന്നുമില്ല. കാപ്പിക്കാട് മരങ്ങാട്ട് മനയിലെ ഒരു നമ്പൂതിരി കഠിന തപസിലൂടെ സൂര്യ ദേവനെ പ്രസാദിപ്പിച്ചുവെന്നും സൂര്യൻ അദ്ദേഹത്തിന് പ്രത്യക്ഷപ്പെട്ടുവെന്നുമാണ് വിശ്വാസം. അതനുസരിച്ച് സൂര്യ ദേവന്റെ കൽപ്പന പ്രകാരമാണ് ഇവിടെ ക്ഷേത്രം നിർമ്മിച്ചതും നിത്യ പൂജ നടത്താൻ ആരംഭിച്ചതും. ഈ മനയിലെ ആള്‍ക്കാര്‍ തന്നെ ക്ഷേത്രത്തിലെ ശാന്തിക്കാര്‍ ആയിരിക്കണമെന്നാണ് വ്യവസ്ഥ. വൃത്താക‍ൃതിയിലാണ് ക്ഷേത്രത്തിന്റെ ശ്രീകോവില്‍ നിര്‍മ്മിച്ചിരിക്കുന്നത്.നവഗ്രഹ പ്രതിഷ്ഠയില്ലാത്ത ക്ഷേത്രം എന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്.

പ്രത്യേക രീതിയിലുള്ള സൂര്യ വിഗ്രഹമാണ് ഇവിടെയുള്ളത്. ധ്യാനത്തിൽ ഇരിക്കുന്ന സൂര്യ ദേവന്‍റെ വിഗ്രഹം എണ്ണ വലിച്ചെ‌ടുക്കുന്ന പ്രത്യേക തരത്തിലുള്ള ശിലയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. എണ്ണ അഭിഷേകം കഴിഞ്ഞാല്‍ പിന്നെ വിഗ്രഹത്തില്‍ എണ്ണയുടെ ഒരു അംശം പോലും കാണുവാന്‍ സാധിക്കില്ല എന്നതാണ് ഈ ശിലയുടെയും പ്രതിഷ്ഠയുടെയും പ്രത്യേകത. ദുർഗ്ഗാദേവി, ശാസ്താവ്, യക്ഷിയമ്മ എന്നീ ഉപ പ്രതിഷ്ഠകളും ഇവിടെ കാണാം.

മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ രക്ത ചന്ദനമാണ് ഇവിടുത്തെ പ്രസാദം. ആദിത്യപുരത്തു മാത്രമേ ഇത്തരത്തിലൊരു പ്രസാദം വിശ്വാസികള്‍ക്കായി നല്കുന്നുള്ളൂ. കൂടാതെ രക്തചന്ദന കാവടി കൊണ്ടുള്ള അഭിഷേകം ഇവിടത്തെ പ്രധാന ചടങ്ങാണ്. മേടമാസത്തിലെ അവസാന ഞായറാഴ്ചയാണ് ഈ രക്ത ചന്ദന കാവടി നടക്കുന്നത്. ക്ഷേത്രത്തിലെ പ്രധാന ഉത്സവം നടക്കുന്നതും മേടമാസത്തിലാണ്. വൃശ്ചികമാസത്തിലെ അവസാനത്തെ ഞായറാഴ്ചയും കാവടി അഭിഷേകം നടക്കും. പത്താമുദയത്തിനും പ്രത്യേക പ്രാര്‍ത്ഥനകളും ച‌ടങ്ങുകളും ഇവിടെയുണ്ട്.ഉദയാ‌സ്തമയ പൂജ, എ‌ണ്ണ അഭിക്ഷേകം, ഭഗവതി ‌പൂജ, നവഗ്രഹ പൂജ എന്നിവയാണ് ഇവിടുത്തെ മറ്റു പൂജകൾ.

ആദിത്യപുരം ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥിക്കുക വഴി നിരവധി അസുഖങ്ങളില്‍ നിന്നും മോചനം ലഭിക്കും എന്നാണ് വിശ്വാസം. ക്ഷേത്രത്തിലെ വിളക്കില്‍ നിന്നും നെയ്യും മഷിയും പ്രത്യേക രീതിയില്‍ ചേര്‍ത്തുണ്ടാക്കുന്ന കൂട്ട് കണ്ണില്‍ ലേപനം ചെയ്താല്‍ കണ്ണ് രോഗം മാറുമെന്നാണ് പറയപ്പെടുന്നത്. ശരീരത്തിലെ പാണ്ടും വെള്ളയും മാറുവാന്‍ ക്ഷേത്രത്തില്‍ നിന്നും ലഭിക്കുന്ന രക്ത ചന്ദനം ശരീരത്തില്‍ പുരട്ടിയാല്‍ മതിയെന്നും വിശ്വാസമുണ്ട്.

കോട്ടയം ജില്ലയിലെ കടുത്തുരുത്തിക്കടുത്ത് ഇരവിമംഗലം എന്ന സ്ഥലത്താണ് ആദിത്യപുരം സൂര്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കടുത്തുരുത്തിയിൽ നിന്ന് 3 കിലോമീറ്ററും ഏറ്റുമാനൂരുനിന്ന് 17 കിലോമീറ്ററും വൈക്കത്തുനിന്ന് 16 കിലോമീറ്ററും സഞ്ചരിക്കണം ക്ഷേത്രത്തിലെത്തുവാന്‍.

LEAVE A REPLY

Please enter your comment!
Please enter your name here