തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളില്‍ കൊവിഡ് രോഗ ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന ഉണ്ടാകും എന്ന് കൊവിഡ് ടാസ്‌ക് ഫോഴ്സ് അംഗം ഡോ എന്‍ കെ അറോറ. ട്വന്റി ഫോര്‍ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മാസ്‌കിന്റെ ഉപയോഗം കുറഞ്ഞതും ആള്‍ക്കൂട്ടങ്ങള്‍ വര്‍ധിച്ചതും കൊവിഡ് വ്യാപനത്തിന് കാരണമാകുമെന്ന് അറോറ മുന്നറിയിപ്പ് നല്‍കി. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിലും വിജയാഘോഷത്തിലും വലിയ ജനാവലിയാണ് ഒത്തുകൂടിയത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത് കേരളത്തിലെ രോഗബാധിതരുടെ എണ്ണം ഉയരാന്‍ കാരണമാകും എന്നാണ് ഡോ. എന്‍ കെ അറോറയുടെ നിരീക്ഷണം. തെരഞ്ഞെടുപ്പ് പ്രചാരണത്തിലും വിജയാഘോഷത്തിലുമൊന്നും നേതാക്കളും ആള്‍ക്കൂട്ടവും മാസ്‌ക് ധരിച്ചിരുന്നില്ല. രോഗവ്യാപനം ഉയരാന്‍ കാരണം കൊവിഡ് വകഭേദമല്ല എന്നും അദ്ദേഹം പറഞ്ഞു. ബി എ 4, ബി എ 5 വകഭേദം കേരളത്തില്‍ ഇല്ല. എങ്കിലും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിമാനയാത്രകള്‍ കൂടിയതും രോഗ വ്യാപനത്തിന്റെ തോത് കൂട്ടുമെന്ന് എന്‍ കെ അറോറ പറഞ്ഞു.