തിരുവനന്തപുരം: ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടിയിൽ ദേശീയസ്മാരകമൊരുക്കുന്നതിനുള്ള താത്പര്യം കേന്ദ്രസർക്കാർ മുന്നോട്ടുവെച്ചു. കേന്ദ്ര സാംസ്കാരികവകുപ്പിന്റെ കീഴിലുള്ള നാഷണൽ മോണ്യുമെന്റ് അതോറിറ്റിയാണ് നിർദേശം സംസ്ഥാനത്തിനുമുമ്പാകെ വെച്ചത്. ചെയർമാൻ തരുൺ വിജയ് ഇക്കാര്യത്തിലുള്ള താത്പര്യം ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അറിയിച്ചു.
കേന്ദ്രസർക്കാരിന്റെ താത്പര്യം സംസ്ഥാനസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയ രാജ്ഭവൻ, സംസ്ഥാന സാംസ്കാരികവകുപ്പിൽനിന്ന് റിപ്പോർട്ടുതേടി. സംസ്ഥാനത്തിന്റെ നിലപാടും നിർണായകമാണ്. ശങ്കരാചാര്യരുടെ ജന്മസ്ഥലമായി കാലടി പുനർനിർണയിക്കപ്പെട്ടത് 19-ാം നൂറ്റാണ്ടിലാണ്. ശൃംഗേരി മഠാധിപതിയാണ് ഇതിന് മുൻകൈയെടുത്തത്. നിലവിൽ ജന്മസ്ഥലത്ത് ക്ഷേത്രമുണ്ട്. കാലടിയിൽ ശങ്കാരാചാര്യസ്മരണയിൽ കാഞ്ചി മഠം നിർമിച്ചിരിക്കുന്ന ആദിശങ്കരസ്തൂപം പ്രസിദ്ധമാണ്. 1978-ൽ നിർമിച്ച ഈ സ്തൂപത്തിന് 152 അടി ഉയരമുണ്ട്. എട്ടുനിലകളിലായുള്ള സ്തൂപത്തിന്റെ ചുവരുകളിൽ ശങ്കരാചാര്യരുടെ ജീവിതസന്ദർഭങ്ങൾ വരച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളും വിശ്വാസങ്ങളും കെട്ടുപിണഞ്ഞുകിടക്കുന്നതാണ് പെരിയാറിന്റെ തീരത്തെ ജന്മസ്ഥലം. ‘കാല്പാടുകൾ’ എന്ന അർഥത്തിലാണ് ‘കാലടി’യെന്ന പേരുവന്നതെന്നാണ് വിശ്വാസം.