പ്രമുഖ ഹിന്ദി സിനിമാ നടൻ ജൂനിയർ മെഹമൂദ് (67) അന്തരിച്ചു. അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. മുംബൈയിലെ വസതിയിൽ ഇന്നലെ രാത്രിയോടെയായിരുന്നു ഇന്ത്യം. രണ്ടാഴ്ച്ച മുമ്പാണ് ഇദ്ദേഹത്തിന് അർബുദരോഗം സ്ഥിരീകരിച്ചത്. ഇന്നലെ രാത്രിയോടെ ആരോഗ്യനില മോശമാകുകയായിരുന്നു.
അഞ്ച് പതിറ്റാണ്ട് നീണ്ടു നിന്ന സിനിമാ ജീവിതത്തിൽ ഏഴ് ഭാഷകളിലായി 250 ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഹിന്ദിയിൽ സൂപ്പർ ഹിറ്റായ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്നു. കട്ടി പതംഗ്, മേരാ നാം ജോക്കർ, പർവരീഷ്, ദോ ഔർ ദോ പാഞ്ച്, ഹാഥി മേരെ സാഥി, ജുദായി, ദാദാഗിരി, കാരവന്‍, ബ്രഹ്മചാരി തുടങ്ങിയ ചിത്രങ്ങൾ ചിലതു മാത്രം.
നയീം സയീദ് എന്നായിരുന്നു യഥാർത്ഥ പേര്. നടനും ഗായകനുമായ മെഹ്മൂദ് അലിയാണ് ജൂനിയർ അലി എന്ന പേര് നൽകിയത്. 1967 ൽ പുറത്തിറങ്ങിയ നൗനിഹാൽ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് സിനിമയിലേക്ക് കടന്നുവന്നത്. 250 ഓളം സിനിമകളിൽ അഭിനയിച്ചതിനു പുറമേ നിരവധി മറാഠി സിനിമകൾ നിർമിക്കുകയും സംവിധായകനുമായിട്ടുണ്ട്.
അസുഖ വിവരം അറിഞ്ഞതിനെ തുടർന്ന് നടന്മാരായ ജോണി ലിവർ, ജിതേന്ദ്ര തുടങ്ങിയവർ മഹ്‌മൂദിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ചിരുന്നു.