ലഖ്‌നൗ: ബിജെപി നേതാവ് പ്രവാചകനെ നിന്ദിച്ചുവെന്ന് ആരോപിച്ച് പ്രതിഷേധം സംഘടിപ്പിച്ചവര്‍ക്കെതിരെ ഉത്തര്‍ പ്രദേശ് പോലീസ് ശക്തമായ നടപടി തുടങ്ങി. ആയിരത്തിലധികം പേര്‍ക്കെതിരെയാണ് കാണ്‍പൂര്‍ പോലീസ് കേസെടുത്തിരിക്കുന്നത്. മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
ഇതില്‍ 40 പേരുകള്‍ സൂചിപ്പിച്ചിട്ടുണ്ട്. കണ്ടാലറിയാവുന്ന ആയിരം പേര്‍ക്കെതിരെയും കേസുണ്ട്. 18 പേര്‍ ഇതുവരെ അറസ്റ്റിലായി എന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം പ്രതിഷേധിക്കാനെത്തിയവര്‍ കടകളടപ്പിക്കുകയും എതിര്‍ത്തുനിന്നവര്‍ കട തുറപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതോടെയാണ് സംഘര്‍ഷമുണ്ടായത്. കല്ലേറില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പോലീസ് ലാത്തി വീശി എല്ലാവരെയും ഓടിച്ചു.
ബിജെപി വക്താവ് നുപുര്‍ ശര്‍മ ടൈംസ് നൗ ചാനലില്‍ നടന്ന ചര്‍ച്ചയില്‍ മുഹമ്മദ് നബിയെയും പത്‌നിമാരെയും അവഹേളിച്ചു സംസാരിച്ചുവെന്നാണ് ആരോപണം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്ന് ശര്‍മയ്‌ക്കെതിരെ മഹാരാഷ്ട്രയിലും തെലങ്കാനയിലും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ശര്‍മ മാപ്പ് പറയണമെന്നും അവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും ആവശ്യപ്പെട്ടുമായിരുന്നു യുപിയിലെ കാണ്‍പൂരില്‍ വെള്ളിയാഴ്ച നിസ്‌കാര ശേഷം പ്രതിഷേധം തുടങ്ങിയത്.
പരേഡ് മാര്‍ക്കറ്റില്‍ ഒട്ടേറെ പേര്‍ കടകള്‍ അടച്ചു പ്രതിഷേധിച്ചു. മറ്റു കടകള്‍ കൂടി ഇവര്‍ അടപ്പിക്കാന്‍ ശ്രമിച്ചതോടെയാണ് പ്രശ്‌നമുണ്ടായത്. ഇരുവിഭാഗം ചേരിതിരിയുന്ന കാഴ്ചയായിരുന്നു പിന്നീട്. പരസ്പരം കല്ലേറുണ്ടായതോടെ പോലീസ് ഇടപെട്ടു.
സംഘര്‍ഷത്തിനിടെ ബോംബേറുണ്ടാകുകയും വെടിവയ്ക്കുകയും ചെയ്തുവെന്നും ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി. ലാത്തി വീശിയ പോലീസ് കണ്ണീര്‍ വാതകവും പ്രയോഗിച്ചു. ഇതോടെ ജനക്കൂട്ടം ചിതറിയോടി. വെള്ളിയാഴ്ച വൈകീട്ടോടെ സ്ഥിതിഗതികള്‍ ശാന്തമാണെന്ന് പോലീസ് കമ്മീഷണര്‍ വിജയ് സിങ് മീണ പറഞ്ഞു. 12 കമ്പനി പോലീസിനെ കാണ്‍പൂരില്‍ വിന്യസിച്ചിട്ടുണ്ട്.
ഗുണ്ടാ നിയമ പ്രകാരം 18 പേരെ അറസ്റ്റ് ചെയ്തു. നഗരത്തില്‍ നിന്നുള്ള വീഡിയോ ക്ലിപ്പുകള്‍ പരിശോധിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറയുന്നു. പ്രതികളുടെ സ്വത്ത് വകകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് നശിപ്പിക്കുമെന്നും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്നും പോലീസ് അറിയിച്ചു.
ചാനല്‍ ചര്‍ച്ചയ്ക്കിടെ പ്രവാചകനെയും പത്‌നിമാരെയും അവഹേളിച്ചു സംസാരിച്ചുവെന്നാണ് നുപുര്‍ ശര്‍മയ്‌ക്കെതിരായ ആരോപണം. മുസ്ലിം സംഘടനയായ റസാ അകാദമിയുടെ പരാതിയലാണ് സൗത്ത് മുംബൈ പോലീസ് കേസെടുത്തത്. റസാ അകാദമിയുടെ മുംബൈയിലെ ജോയിന്റ് സെക്രട്ടറി ഇര്‍ഫാന്‍ ശൈഖ് ആണ് പരാതിക്കാരന്‍. നുപൂര്‍ ശര്‍മയുടെ പ്രതികരണം ചാനലിന്റേതല്ലെന്നും ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അനാവശ്യമായ ഭാഷ ഉപയോഗിക്കരുതെന്നും ടൈംസ് നൗ പ്രതികരിച്ചു.