തിരുവനന്തപുരം: വിദ്വേഷ പ്രസംഗ കേസില്‍ ജനപക്ഷം നേതാവും മുന്‍ എം എല്‍ എയുമായ പി സി ജോര്‍ജിന് വീണ്ടും നോട്ടീസ് അയച്ച് പൊലീസ്. തിങ്കളാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസില്‍ പി സി ജോര്‍ജ് എത്തണം എന്നാണ് നിര്‍ദേശം. വെള്ളിയാഴ്ചയാണ് നോട്ടീസ് നല്‍കിയത്. നേരത്തെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശ ദിവസത്തനിടെ പി സി ജോര്‍ജിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത് വിവാദമായിരുന്നു.
എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങളും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാനുള്ളതും ചൂണ്ടിക്കാട്ടി ഹാജരാകാനാകില്ലെന്ന് പി സി ജോര്‍ജ് മറുപടി നല്‍കി. നേരത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന ഘട്ടത്തില്‍ ഹാജരാകണം എന്ന ഉപാധിയോടെയായിരുന്നു പി സി ജോര്‍ജിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നത്. അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തില്‍ നടത്തിയ മുസ്ലീം വിദ്വേഷ പ്രസംഗത്തിലാണ് പി സി ജോര്‍ജിനെതിരെ പൊലീസ് കേസെടുത്തത്.
അപരവിദ്വേഷം പരത്തി നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചു എന്ന പേരിലാണ് കേസെടുത്തത്. 153 എ, 295 എ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പി സി ജോര്‍ജിനെ വിദ്വേഷ പ്രസംഗത്തില്‍ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. വിദ്വേഷം പരത്തുന്ന വാക്കുകള്‍ ഉപയോഗിച്ച് നാട്ടിലെ സാമൂഹിക ഐക്യം തകര്‍ക്കാനും ബോധപൂര്‍വ്വം സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചതിനുമാണ് 153 എ വകുപ്പ് ചുമത്തിയത്.
വാക്കും പ്രവൃത്തിയും കൊണ്ട് ഒരു മതത്തെയോ മതവികാരത്തെയും വ്രണപ്പെടുത്തിയതിനാണ് സെക്ഷന്‍ 295 എ പി സി ജോര്‍ജിനെതിരെ ചുമത്തിയത്. ഈ കേസില്‍ ജാമ്യത്തിലിരിക്കെ പി സി ജോര്‍ജ് കൊച്ചിയിലെ വെണ്ണലയില്‍ വീണ്ടും വിദ്വേഷ പ്രസംഗം നടത്തിയിരുന്നു തുടര്‍ന്ന് ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജി കോടതി അംഗീകരിക്കുകയായിരുന്നു.
ഇതോടെ പി സി ജോര്‍ജിനെ ജയിലിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് വെണ്ണല കേസിലും ഹൈക്കോടതി പി സി ജോര്‍ജിന് ജാമ്യം അനുവദിച്ചു. ഇതിന് പിന്നാലെ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ അവസാന ദിനത്തെ പ്രചരണത്തിനായി പി സി ജോര്‍ജ് മണ്ഡലത്തിലെത്തിയിരുന്നു. ഇതിനിടെയായിരുന്നു പൊലീസ് അദ്ദേഹത്തോട് ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ട് നോട്ടീസ് അയച്ചത്.