വടക്കാഞ്ചേരി (തൃശൂർ) • നാലാം ക്ലാസ് വിദ്യാർഥിക്കു സ്കൂൾ വളപ്പിൽ പാമ്പുകടിയേറ്റു. അണലിയുടെ കടിയേറ്റ, വടക്കാഞ്ചേരി ഗവ. ബോയ്സ് എൽപി സ്കൂളിലെ വിദ്യാർഥി ആദേശിനെ (9) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂൾ കെട്ടിടം പൊളിച്ചു പണിയുന്നതിനാൽ ഇവിടുത്തെ നൂറോളം വിദ്യാർഥികളെ സമീപത്തെ ഗേൾസ് എൽപി സ്കൂൾ കെട്ടിടത്തിലേക്കു മാറ്റിയിരുന്നു.
രാവിലെ 9.45ന് സ്കൂൾ വളപ്പിലേക്കു ബസിൽ വന്നിറങ്ങുമ്പോഴാണ് കുട്ടിക്കു പാമ്പുകടിയേറ്റത്. അധികം വലുപ്പമില്ലാത്ത പാമ്പായിരുന്നെന്നു മറ്റു കുട്ടികൾ പറഞ്ഞു. സ്കൂൾ മുറ്റം പൂർണമായി ശുചീകരിച്ചിരുന്നില്ല. കുട്ടി അപകടനില തരണം ചെയ്തു. കുമരനെല്ലൂർ അയ്യത്ത് അനിൽ കുമാർ – ദിവ്യ ദമ്പതികളുടെ മകനാണ് ആദേശ്.