തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. കേരളത്തില്‍ കാലവര്‍ഷം ശക്തിപ്പെട്ടിട്ടില്ലെന്ന സൂചന കൂടിയാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്നത്. തീര മേഖലകളിലാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത. ഇത് പ്രകാരം പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പാലക്കാട് ഒഴിച്ചുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് ജാഗ്രതാ അറിയിപ്പുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്.
മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് അറിയിപ്പുണ്ട്. ജൂണ്‍ ഒന്ന് മുതല്‍ അഞ്ച് വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും നേരത്തെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. ഇതിനൊപ്പം ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇന്നും നാളെയും കേരള തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്ന് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്