യുഎഇയില്‍ ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം യാത്രക്കാര്‍ക്കായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

0
76

അബുദാബി: യുഎഇയില്‍ ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം യാത്രക്കാര്‍ക്കായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. കൊവിഡ് വ്യാപനം കുറയുകയും യാത്രക്കാരുടെ എണ്ണം വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍. യാത്രയ്ക്ക് മുമ്പും ശേഷവും പാലിക്കേണ്ട കാര്യങ്ങളാണിത്.


യാത്ര ചെയ്യുന്നതിന് മുമ്പ് വകഭേദം പടരുന്ന പ്രദേശങ്ങളിലെ കൊവിഡ് സാഹചര്യം പരിശോധിക്കുക. ആവശ്യമെങ്കില്‍ മാത്രം യാത്ര ചെയ്യുക. പ്രായമായവരും പ്രമേഹരോഗികളും ഹൃദയസംബന്ധമായ രോഗങ്ങള്‍ ഉള്ളവരും പ്രത്യേക ജാഗ്രത പുലര്‍ത്തണം. ഇവര്‍ വൈറസ് പടരുന്ന സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണം. അതേസമയം വാക്‌സിന്റെ കാര്യത്തിലും നിര്‍ദേശമുണ്ട്. ശുപാര്‍ശ ചെയ്യുന്ന വാക്‌സിന്‍ ഡോസുകള്‍ മാത്രം എടുക്കാനാണ് നിര്‍ദേശം. യാത്ര ചെയ്യുമ്പോള്‍ നിങ്ങളുടെ കൈകള്‍ പതിവായി കഴുകുക. വെള്ളവും അല്ലെങ്കില്‍ 70 ശതമാനം ആല്‍ക്കഹോള്‍ ഉള്ള സാനിറ്റൈസറുകളും ഉപയോഗിച്ചാവണം കൈകള്‍ കഴുകണം.

മറ്റുള്ളവരുമായി ശാരീരിക അകലം പാലിക്കാനും നിര്‍ദേശമുണ്ട്. തിരക്കേറിയ സ്ഥലങ്ങളും ഒഴിവാക്കണം. അസുഖം തോന്നുന്നുണ്ടെങ്കില്‍ ഉടന്‍ ഡോക്ടറെ സമീപിക്കാനാണ് നിര്‍ദേശം.

യാത്രകള്‍ക്കും ഒത്തുചേരലുകള്‍ക്കുമായി പ്രാദേശിക കൊവിഡ് മാര്‍ഗനിര്‍ദേശങ്ങളും പാലിക്കണം. യാത്രയ്ക്ക് ശേഷമാണെങ്കില്‍ നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും പടരാതിരിക്കാനും പിസിആര്‍ പരിശോധന നടത്തുക.

അതേസമയം കഴിഞ്ഞ ദിവസം കുരങ്ങുപനി അടക്കമുള്ള എല്ലാ സാംക്രമിക രോഗങ്ങളും വൈറസുകളും അതിവേഗം കണ്ടെത്താന്‍ ശക്തമായ സംവിധാനം യുഎഇ നടപ്പിലാക്കിയിരുന്നു.

രോഗം ബാധിച്ച വ്യക്തികള്‍ക്കും, അവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ക്കും വേണ്ടിയുള്ള ഐസൊലേഷനും ക്വാറന്റീന്‍ നടപടികളും ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പോസിറ്റീവ് കേസുകള്‍, രോഗം ഭേദമാകുന്നത് വരെ ആശുപത്രിയില്‍ ഐസൊലേഷനില്‍ കഴിയണം.

അവരുമായി അടുത്ത് ഇടപഴകയിട്ടുള്ളവര്‍ 21 ദിവസത്തില്‍ കുറയാതെ വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയും വേണം. അടുത്ത സമ്പര്‍ക്കമുള്ളവര്‍ ഹോം ഐസൊലേഷന്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അവരുടെ ആരോഗ്യ സ്ഥിതി നിരീക്ഷിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here