കുപ്രസിദ്ധ ഭീകരനും ഖാലിസ്ഥാൻ കമാൻഡോ ഫോഴ്‌സ് (കെസിഎഫ്) തലവനുമായ പരംജിത് സിംഗ് പഞ്ച്വാറിനെ പാകിസ്ഥാനിലെ ലാഹോറിലെ ജോഹർ ടൗണിൽ വച്ച് രണ്ട് അജ്ഞാത തോക്കുധാരികൾ വെടിവച്ചു കൊന്നതായി ഇന്റലിജൻസ് വൃത്തങ്ങൾ അറിയിച്ചു.
ശനിയാഴ്‌ച രാവിലെ ആറ് മണിയോടെ ജോഹർ ടൗണിലെ സൺഫ്ലവർ സൊസൈറ്റിയിലെ വീടിന് സമീപമാണ് മാലിക് സർദാർ സിംഗ് എന്ന പരംജിത് സിംഗ് പഞ്ച്വാർ കൊല്ലപ്പെട്ടത്. വെടിവെപ്പിൽ ഇയാളുടെ ഗൺമാനും പരിക്കേറ്റു.
തരൺ തരണിനടുത്തുള്ള പഞ്ച്വാർ ഗ്രാമത്തിൽ ജനിച്ച 59കാരനായ പരംജിത് സിംഗ് പഞ്ച്വാർ സിഖ് കലാപം, കൊലപാതകം, മയക്കുമരുന്ന്, ആയുധക്കടത്ത് എന്നീ കുറ്റകൃത്യങ്ങളിൽ പങ്കാളിയായിരുന്നു. 1986ൽ കെസിഎഫിൽ ചേർന്ന ഇയാൾ അതിനുമുമ്പ് സോഹാലിലെ ഒരു കേന്ദ്ര സഹകരണ ബാങ്കിൽ ജോലി ചെയ്‌തിരുന്നു.
1990കളിൽ കെസിഎഫിന്റെ ചുമതല ഏറ്റെടുത്ത പഞ്ച്വാർ, ഭാര്യയും മക്കളും ജർമ്മനിയിലേക്ക് താമസം മാറിയപ്പോൾ പാക്കിസ്ഥാനിലേക്ക് കടന്നു ലാഹോറിൽ താമസിച്ചു വരികയായിരുന്നു. കഴിഞ്ഞ ദശകത്തിൽ പരംജിത് തീവ്രവാദവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ കാര്യമായ പങ്കുവഹിച്ചിട്ടില്ല, മറിച്ച് മയക്കുമരുന്ന് കടത്തുപോലെയുള്ളവയിലാണ് പ്രവർത്തിച്ചതെന്ന് വൃത്തങ്ങൾ പറയുന്നു.
പഞ്ചാബിൽ ഡ്രോണുകൾ ഉപയോഗിച്ച് മയക്കുമരുന്ന് കടത്തുന്നതിൽ സജീവമായി ഏർപ്പെട്ടിരുന്നതിനാൽ പഞ്ച്വാറിന്റെ കൊലപാതകത്തിന് മയക്കുമരുന്നിനെ ചൊല്ലിയുള്ള സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയുമായുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും അടുത്ത വൃത്തങ്ങൾ പറഞ്ഞു.