തിരുവനന്തപുരം • സ്പീക്കർ എം.ബി.രാജേഷ് മന്ത്രിസഭയിലേക്ക്. എം.വി.ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറിയായ സാഹചര്യത്തിലാണ് അദ്ദേഹത്തിനു പകരക്കാരനായി രാജേഷ് എത്തുന്നത്. തലശേരി എംഎൽഎ എ.എൻ.ഷംസീർ നിയമസഭാ സ്പീക്കറാകും. മന്ത്രി എം.വി.ഗോവിന്ദൻ രാജിവച്ചു. മന്ത്രി രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. എകെജി സെന്ററിൽ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് തീരുമാനമെടുത്തത്.
പാലക്കാട് എംപിയായും സ്പീക്കറായും മികച്ച പ്രവർത്തനം കാഴ്ചവച്ചതിനെ തുടർന്നാണ് എം.ബി.രാജേഷിനെ മന്ത്രിസഭയിലേക്കു പരിഗണിച്ചത്. എം.വി.ഗോവിന്ദന്‍ കൈകാര്യം ചെയ്ത തദ്ദേശം, എക്സൈസ് വകുപ്പുകളാണു രാജേഷിനു ലഭിക്കുക. ചൊവ്വാഴ്ചയാണു രാജേഷിന്റെ സത്യപ്രതിജ്ഞ. ഗോവിന്ദനു പകരമെത്തുന്നയാൾക്ക് മികച്ച രീതിയിൽ പ്രവർത്തിക്കാനാകണമെന്നും എം.ബി.രാജേഷിന് അതിനു കഴിയുമെന്നും യോഗത്തിൽ അഭിപ്രായമുണ്ടായി. പാർലമെന്റേറിയൻ എന്ന നിലയിൽ ഡൽഹിയിൽ രാജേഷ് നടത്തിയ പ്രവർത്തനങ്ങളും സ്പീക്കറെന്ന നിലയിൽ പക്വതയാർന്ന പ്രവർത്തനം കാഴ്ചവച്ചതും ചർച്ചയായി.
തലശ്ശേരിയില്‍നിന്ന് രണ്ടാം തവണയാണ് ഷംസീർ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടത്. സിപിഎം സംസ്ഥാന സമിതി അംഗം, കണ്ണൂർ സർവകലാശാലയുടെ പ്രഥമ ചെയർമാൻ. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. എൽഎൽഎം ബിരുദധാരി. തലശ്ശേരി പാറാൽ ആമിനാസിൽ റിട്ട. മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ പരേതനായ കോമത്ത് ഉസ്മാന്റെയും എ.എൻ.സെറീനയുടെയും മകനാണ്. ഭാര്യ: ഡോ. പി.എം.സഹല. മകൻ: ഇസാൻ.