തെറ്റായ ആഹാരരീതിയും വ്യായാമക്കുറവും മന:സംഘര്‍ഷങ്ങളും ഇന്ന് ജീവിതത്തിന്‍റെ മുഖമുദ്രകളായി മാറുകയാണ്. ഈ സാഹചര്യത്തിലാണ് ജീവിതശൈലി രോഗങ്ങൾ മനുഷ്യരുടെ കൂടെപ്പിറപ്പുകളാകുന്നത്. ജീവിതശൈലി രോഗങ്ങളെ അകറ്റി നിര്‍ത്തണമെങ്കില്‍ ചില വിട്ടുവീഴ്ചകള്‍ ചെയ്യണം. ജീവിതത്തിന് ഒരു ചിട്ടയൊക്കെ വേണം. ഓരോ ദിവസത്തെയും ആഹാരസമയം പത്തു മണിക്കൂറിനുള്ളില്‍ ക്രമീകരിക്കണമെന്നാണ് പഠനം പറയുന്നത്. അതായത്, ഒരു ദിവസത്തെ ഭക്ഷണസമയങ്ങളെല്ലാം പത്തു മണിക്കൂറിനുള്ളില്‍ വരണം.
ഷിഫ്റ്റ് അനുസരിച്ചാണ് നമ്മളില്‍ പലരുടെയും ഭക്ഷണരീതി. ചായ അല്ലെങ്കില്‍ കാപ്പി കുടിച്ച് ഒരു ദിവസം ആരംഭിക്കുന്നവര്‍ രാത്രിഭക്ഷണം കഴിക്കുന്നത് 14 മുതല്‍ 15 മണിക്കൂര്‍ വരെ കഴിഞ്ഞാണ്. നമ്മുടെ ശരീരത്തിനാവശ്യമായ മുഴുവന്‍ കലോറിയും പത്തു മണിക്കൂറിനുള്ളില്‍ സംഭരിക്കാന്‍ കഴിഞ്ഞാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ അകറ്റാമെന്നു പഠനം പറയുന്നു.
അത്തരത്തിൽ കലോറികൾ സംഭരിച്ചു കഴിഞ്ഞാൽ പിന്നീടുള്ള സമയങ്ങളിൽ ആരോഗ്യത്തോടെയും ചുറുചുറുക്കോടെയും അവരവരുടെ പ്രവർത്തികളിൽ ഏർപ്പെടാം. ഒരു ദിവസം മുഴുവൻ ഭക്ഷണം കഴിച്ചാൽ അത് വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും പഠനം പറയുന്നു.