വടക്കേമലബാറിലെ തീയർ എന്നത് കാർഷിക ബന്ധമുള്ള പല ഉപജാതികളുടെ സങ്കര വിഭാഗമാണ്. പുനം കൃഷിയും വൈദ്യവും കളരിയുമാണ് മലബാറിലെ തീയരുടെ പ്രധാന കുലത്തൊഴിലുകളാണ്.
ഈ തീയരുടെ പ്രധാന ആരാധന കേന്ദ്രം പറശിനിക്കടവ് ക്ഷേത്രവും മൂർത്തികൾ മുത്തപ്പനും വയനാട്ടുകുലവനുമാണ്. പറശിനിക്കടവ് മുത്തപ്പ സ്ഥാനത്തിന് ഏതാണ്ട് 800 വർഷത്തെ പഴക്കമാണുള്ളത്.അതിൽ 600 വർഷമാണ് അവിടുത്തെ മുത്തപ്പ ക്ഷേത്രത്തിനുള്ളത്. വയനാട്ടുകുലവൻ ഐതിഹ്യത്തിന് സുമാർ 1500 വർഷത്തെ ചരിത്രവുമുണ്ട്. മുത്തപ്പനു കുടകു മലവരെയും പേരു സൂചിപ്പിക്കുന്ന പോലെ വയനാട്ടുകുലവന് വയനാടുമായും ബന്ധമുണ്ട്. കുടക് മലയിൽ നിന്ന് പശ്ചിമ തീരത്തിലേക്ക് ഇറങ്ങി വന്നവരാണ് തീയർ എന്നതിന് ചരിത്രപരമായ തെളിവുകളുണ്ട്. കിഴക്കുഭാഗത്ത് മലനിരകളാവുന്ന കോട്ടകൾ ഉള്ളതിനാൽ പുറത്തു നിന്ന് കേരളത്തിലേക്ക് കടക്കണമെങ്കിൽ കുറച്ച് മാർഗങ്ങളേ ഉള്ളു.അതിൽ പ്രധാനമാണ് തെക്ക് കന്യാകുമാരി തീരവും വടക്ക് മംഗലാപുരം തീരവും ഇടയ്ക്ക് കിഴക്കുള്ള ചെങ്കോട്ട, പാലക്കാടൻ, വയനാടൻ,കുടക് ഇടച്ചുരങ്ങളും. ഇങ്ങനെ കടന്നാലും വലിയ പുഴകളാൽ അതിർത്തികൾ ഉള്ളതിനാൽ സാംസ്കാരികമായും കേന്ദ്രീകൃതമായും ഓരോ ദേശങ്ങളിൽ ഒന്നിച്ച് ജീവിക്കുമ്പോൾ വ്യാപകമായി ഇടകലരുന്നതിന് തടസങ്ങളുമുണ്ടായിരുന്നു. വടക്കൻ തീയർ കാവുകളും കഴകങ്ങളും പ്രത്യേക ദായക്രമവും ( മരുമക്കത്തായി) ഉള്ളവരുമാകയാൽ അതില്ലാത്ത ദേശങ്ങളിലേക്ക് പോകാൻ ഇഷ്ടപെടാത്തവരായിരുന്നു. അതിനാൽ കോരപ്പുഴ കടന്നുള്ള വിവാഹം ഒരു കാലത്ത് വിലക്കിയിരുന്നു. തീയന് ഇല്ല സമ്പ്രദായമാണ്.നെല്ലിക്ക, പുല്ലാനി, വേങ്ങേരി, പടയൻകുടി, തേൻകുടി, വെലകൻകുടി, മനക്കുടി, കോഴിക്കാലൻ എന്നിങ്ങനെ എട്ടില്ലമാണ് തീയർ.ഇല്ല പേരുകൾ പ്രാദേശികമായി മാറുന്നതും കാണാം.
കുടകിൽ നിന്ന് വന്നവരാണ് തീയർ എന്നതിൻ്റെ അടിസ്ഥാനം എന്താണെന്നു നോക്കാം. ഒന്നാമത്തെ അടിസ്ഥാനം ഭാഷാ പരമാണ്. മലയാള ഭാഷയ്ക്ക് തമിഴ്, കൊട്ട, കുടക, കന്നട എന്നീ ഭാഷാമൂലങ്ങൾ ഉള്ളതായി കേരളപാണിനീയത്തിലുണ്ട്.
കാലാന്തരത്തിൽ എടുത്തു പറയത്തക്ക ഭാഷാഭേദങ്ങൾ മലയാളത്തിനുണ്ടായിട്ടുണ്ട്. നമ്പൂതിരിമലയാളം, തീയമലയാളം, മാപ്പിളമലയാളം, നസ്രാണി മലയാളം, മലമലയാളം അഥവാ കാടർ മലയാളം, അരയമലയാളം, തെക്കൻ മലയാളം, തമിഴ് മലയാളം, ചെട്ടി മലയാളം, കന്നട മലയാളം എന്നിങ്ങനെ അതിനെ വർഗീകരിക്കാം.
ഭാഷാ മൂലത്തിൽ തമിഴിനേയോ കന്നട യേയോ പോലെ പ്രധാനമാണ് കൊടകഭാഷയും. തീയരെ സംബന്ധിച്ച് പറഞ്ഞാൽ തമിഴ്തീയരിൽ തമിഴും തുളുതീയരിൽ തുളു -കന്നടയും ഭാഷാമൂലങ്ങളാണ്. തലശേരി തീയരിൽ കൊടകഭാഷയും മൂലഭാഷമായാണ് മലയാളം രൂപമെടുത്തത്.
കൊടകിൽ ഉപയോഗത്തിലിരുന്ന ഭാഷ കന്നടയല്ല കൊടവത്തക് എന്നതാണ്. അതിൽ തന്നെ കിഴക്കേ കൊടകിൽ മെൻ്റലേ എന്നും പടിഞ്ഞാറേ കുടകിൽ കിഗ്ഗട്ട് എന്നുമുള്ള രണ്ട് പ്രദേശിക ഭേദമുള്ള കൊടകത്തക് ഭാഷ ഉപയോഗത്തിലുണ്ടായിരുന്നു. കന്നടയും മലയാളവും തുളുവുമൊക്കെ കലർന്ന മലയാളത്തിൽ എഴുതാൻ വഴങ്ങാത്ത ഒരു ഭാഷയായിരുന്നു കൊടകത്തക്.തക് എന്നാൽ ഭാഷ എന്നാണർത്ഥം.
മലയാള ഭാഷയിലെ വാക്കുകൾക്ക് സമാന്തരമായ ദൈനംദിന ഉപയോഗ വാക്കുകൾ കൊടകതീയർക്കുണ്ട്. അവർ മുഖത്തിന് മൊത്തിയെന്നോ മീട് എന്നോ പറയും. കഴുത്തിന് ബേള, പിൻതലക്ക് ചുങ്കി, കക്ഷത്തിന് തോൾ, ചുണ്ടിന് ചിറി, കുമിളയ്ക്ക് പൊക്കിള, അറ്റത്തിന് തെള്മ്പ്, ബെള്മ്പ്, അധികത്തിന് ജാസ്തി, തോന, വെള്ളത്തിന് തന്നറ്, മര്യാദക്ക് മൊനോദം, ഉളുപ്പിന് സമാനമായി മുരിമ്മ, സൗന്ദര്യത്തിന് ഒപ്പാര്യം, ചുവടിന് കുണ്ട, മാഹാത്മ്യത്തിന് മാമാതം, കുറച്ച് എന്നതിന് ചെനമ്പ്, ഇച്ചിരി,സന്ധ്യക്ക് മയിമ്പ്, തുമ്പിന് നമ്പ്, മുഴുവന് നങ്കലം, സംതൃപ്തിക്ക് ജനിപ്പ്, വഴിക്ക് പെരിയ, ശക്തിക്ക് ഓതാർ എന്നോ കൊതം എന്നും ഇളയച്ഛന് ആപ്പൻ, കരയുന്നതിന് വൈരം വിളി, വഴക്കിന് കൂട്ടം തട്ടിപ്പിന് ബമ്മട്ട്, പ്രസവവേദനക്ക് നൊമ്പലം, ധൈര്യത്തിന് ഉയിദം, മര്യാദയ്ക്ക് ഒതിയാർക്കം, ദുഷിപ്പിന് പുയിപ്പ്, വേളിക്ക് കുടിത്തല,വൃത്തിക്ക് കിറ്ത്ത്, പ്രശ്നത്തിന് കച്ചറ, എനിക്ക് എന്നതിന് അനക്ക് എന്നും നീ എന്നതിന് ഇഞ്ഞി എന്നിങ്ങനെ വാക് ശേഖരം ഇപ്പോഴും ഗ്രാമങ്ങളിൽ പ്രചാരത്തിലുണ്ട്. ഇതിലെ മിക്ക പദങ്ങളും കുടകിൽ നിന്നുള്ള കിഗ്ഗട്ട് ഭാഷാ സംഭാവനയായിരിക്കാം.
ശൃംഗരിക്കുന്നതിന് കൊണിക്കുക എന്നോ മയങ്ങുക എന്നോ പറയും. പായ്യാരം പറയുക എന്നാൽ നേരം പോക്ക് പറയുക എന്നാണ്. പയിപ്പും ബരുത്തവും എന്നാൽ ദാഹവും വിശപ്പും എന്നാണ്. തീയരുടെ കളരി പാരമ്പര്യത്തിന് തെളിവായ ഒരു വാക്കാണ് അങ്കറ.അങ്കവും അറവും എന്നാണർത്ഥം. നിർക്കണ്ടൻ എന്നു പറഞ്ഞാൽ കൈയ്യറപ്പ് തീർന്നവനാണ്. എ (ഇ)റച്ചി പിടക്കൽ ദേഷ്യം വരലാണ്.
തലശേരി തീയരുടെ കൊടക് സ്വാധീനങ്ങളിൽ രണ്ടാമത്തേത് സാംസ്കാരികമാണ്. ഏക ഭാര്യാ സമ്പ്രദായം കുടകൻ രീതിയാണ്.തീയർ അത് നടപ്പിലാക്കുന്നുണ്ട്. തീയരുടെ കല്യാണത്തിന് മംഗലം എന്നാണ് പറയുക. പെൺവീട്ടിൽ വെച്ച് കല്യാണം ഉറപ്പിക്കൽ കുടകിലെ പഴയ രീതിയാണ്.അത് തീയർ ഇപ്പോഴും നടത്തുന്നു. കർക്കടത്തിലും കന്നിയിലും ധനുവിലും പണ്ട് തീയർ കല്യാണം കഴിക്കില്ലായിരുന്നു. കൊയ്ത്തിൻ്റെയും മെതിയുടേയും കാലമാണല്ലോ കന്നി,പെരുമഴയുടേയും കാലമാണല്ലോ കർക്കിടകം. സത്രീധന സമ്പ്രദായമില്ലാത്തവരാണ് തലശേരി തീയർ. കുടകിൻ്റെ മറ്റൊരു സ്വാധീനമാണത്. തീയർ കുടകരെപ്പോലെ മാതൃദായികളായിരുന്നു. തലശേരിയിലെ മുസ്ലീങ്ങൾ സ്ത്രീധന സമ്പ്രദായക്കാരാണ്.
കഠിനമായി അധ്വാനിക്കുകയെന്നത് ആദി കുടക വംശപരമ്പരയുടെ രീതിയാണ്. സ്നേഹിച്ചാൽ അങ്ങേയറ്റം സ്നേഹിക്കുക ചതിച്ചാൽ ചതിയനെ ഇല്ലാതാക്കുക, കുടിപ്പകയിൽ വിശ്വസിക്കുക ഇതെല്ലാം കുടകതീയരുടെ പ്രത്യേകതകളാണ്. വിഷുവും തുലാപത്തും പുത്തരി കഴിക്കലും തർപ്പണവും തീയർക്ക് പ്രധാനമായിരുന്നു. പുത്തരി എന്ന വാക്ക് ഹുട്ടരി എന്ന കുടക് മൂലഭാഷയിൽ നിന്നുണ്ടായതാണ്. വിഷു ഇപ്പോഴും ഓണത്തെപ്പോലെ വിശേഷമാണ്. ഇതൊക്കെ കുടകിലെ പാരമ്പര്യമാണ്. അപ്പക്കാടിയെന്ന വിശേഷ പായസം തീയർക്ക് പണ്ടുണ്ടായിരുന്നു. അതും കുടകിലേതാണ്.
നായാട്ട് ദേവനായ ശർത്താവ് ( ശരത്തിൻ്റെ നാഥൻ)അഥവാ ശാസ്താവിനെ തീയരും കുടരും ആരാധിക്കുന്നു. കുടകിൽ ഉണ്ടായിരുന്ന നായാട്ട് സംസ്കാരത്തിൻ്റെ ബാക്കിപത്രമാണത്. തീയരുടെ പേരിലും ചാത്തനും ചാത്തുവുമൊക്കെ ധാരാളമായി ഉണ്ടായിരുന്നു. കോമരവും കലശവും കോഴിയറവും തീയർക്ക് ഇപ്പോഴും പ്രധാനമാണ്. അത് കുടകിലെ സംസ്കാരമാണ്. ഓരോ ജാതിക്കും
കുലപരമായി ഓരോ ഫലവൃക്ഷമുണ്ട്.തലശേരിതീയൻ തെങ്ങിനെയാണ് കുലവൃക്ഷമാക്കിയത്. ദൈവങ്ങളുടെ പേരിൽ അപ്പ ചേർക്കുന്നത് കുടകിൻ്റെ സംഭാവനയാണ്. അവിടെ പലരുടെ പേരിലും അപ്പ ഉണ്ടല്ലോ.
പുനം കൃഷിയാണ് തീയരുടെ മുഖ്യ
ജീവിതോപാധി. പണ്ട് കാലത്ത് അരി കേരളത്തിൽ ഇല്ലായിരുന്നു. ചാമ, മുത്താറി, തൊവര എന്നിവയായിരുന്നു കൃഷി. അത് തീയർ കുടകിൽ നിന്നു കാടുവെട്ടിതെളിച്ചു ചെയ്യുമായിരുന്നു. മംഗലാപുരത്ത് നിന്നാണ് അക്കാലത്ത് അരി കൊണ്ടുവന്നത്.നെല്ല് വന്നതോടുകൂടി കുടകിൽ നിന്ന് താഴേക്കിറങ്ങിയ തീയർ നെല്ലിനെ ഉൾപ്പെടുത്തി പുനം കൃഷി വ്യാപകമാക്കിയതായിരിക്കാം. അതാണ് കേരളത്തിലേക്കുള്ള കൊടകതീയരുടെ വ്യാപനത്തിന് കാരണം.
അടക്കവെറ്റില നാണയം എന്നിവ വെച്ച് കാരണവൻമാരെയും ദൈവങ്ങളേയും തൊഴുന്നതും ക്ഷേത്രത്തിലെ ഗുരു കാരണവ സങ്കൽപ്പവും കുടകിലെ പഴയ രീതിയാണ്.തീയർ അത് പിൻപറ്റുന്നുണ്ട്. ഒരു തീയജാതിക്കാരൻ മരിച്ചാൽ വാഴക്കൈ മുഴുവനായും വെട്ടിയെടുത്താണ് കുളിപ്പിക്കാൻ കിടത്തുക. മരിച്ചവർക്ക് ആണ്ടിന് അകത്ത് കൊടുക്കുക എന്ന ചടങ്ങുണ്ട്. അവരുടെ ആണ്ടു ദിവസം പ്രധാന മുറിയായ നടുമുറിയിൽ പായസം നാക്കിലയിൽ വിളമ്പി നിലവിളക്കും കിണ്ടിയിലെ വെള്ളവും വെച്ച് കുറച്ചു സമയം വാതിലsയ്ക്കുന്നു.ഇത് കഴിഞ്ഞേ മറ്റുള്ളവർ പായസം കുടിക്കൂ.ഇത് കുടകിലെ രീതിയാണ്. തീയരുടെ പരേതാത്മാവിനെ പണ്ടു തൊട്ടേ വയനാട് തിരുനെല്ലി ക്ഷേത്രത്തിലാണ് കൂട്ടുന്നത്. ബലിയിടാൻ അവിടുത്തെ വാവലി പുഴയിലും. അത് കുടക് ബദ്ധത്തിൻ്റെ പിൻതുടർച്ചയാണ്.
നായർ നാലുകെട്ടുകൾക്കും മുമ്പുള്ളതാണ് വടക്കിനി -തെക്കിനി. അത്തരം വീടുകൾ ശാക്തേയവിഭാഗക്കാരായ കുടക തീയരുടെ ഗൃഹ മാതൃകയാണ്. വടക്കിനിയിൽ ആർത്തവ സമയത്ത് താമസിക്കും.തെക്കിനി ദേവസ്ഥാനമാണ്.
വൈദ്യത്തീയർ എന്ന വൈശ്യത്തീയരെ രാജവാഴ്ചക്കാലത്ത് തുളുനാട്ടിൽ നിന്ന് ചികിത്സാവശ്യാർത്ഥം രാജാക്കൻമാർ കൊണ്ടുവന്ന് താമസിപ്പിച്ചതാണ്. കളരി തീയരേയും അതേ പൊലെ ആയോധനാവശ്യത്തിന് കൊണ്ടുവന്നതാണ്.കടത്തനാട് കോട്ടയം കോലത്തിരി രാജാക്കൻമാരാണ് അവരെ ഭൂമിയും സൗകര്യങ്ങളും നൽകി കുടിയുറപ്പിച്ചത്.
തീയരുടെ പഴയ ഭാഷ ഒരർധപുഷ്ട ഭാഷയാണ്. പറയാൻ എളുപ്പമാണെങ്കിലും എഴുത്ത് ബുദ്ധിമുട്ടാണ്.നായാട്ടിൽ വ്യാപരിച്ചിരുന്നവർ എന്ന നിലയിൽ കാടോട് ചേർന്നതും അധികം ശബ്ദവിന്യാസമില്ലാത്തതുമായ ഭാഷയാണ് അവർ വശമാക്കിയത്.തീർത്തും അതൊരു നിശ്വാസ ഭാഷയാണ്. ശുദ്ധമലയാളത്തെ മയപ്പെടുത്തിയ വാമൊഴിവഴക്കമാണത്. ഴ കാരത്തിന് പകരം യകാരമാണതിന് പഥ്യം. ഉദാ: മയ(മഴ |, മൊയ (മുഴ). ഉകാരത്തിനും അകാരത്തിനും പകരം ഒകാരമാണ് ഉപയോഗിക്കുക. ഉദാ: പൊയ, പൊര(പുഴ, പുര),ഓറ്, ഓള്, ഓൻ, തൊട(അവർ, അവൾ, അവൻ, തുട) മൊളക്, ഒണക്ക്, കൊടൽ, ഒലക്ക, ഒരൽ (മുളക്, ഉണക്ക്, കുടൽ, ഉലക്ക, ഉരൽ ). ഇ കാരത്തിന് പകരം എ കാരവും ഉപയോഗിക്കും. ഉദാ: എട, ചെരട്ട, ചെലവ് (ഇട, ചിരട്ട, ചിലവ്).വകാരത്തിന് പകരം ബകാരവും ഷയ്ക്ക് പകരം ശയുടേയും ഉപയോഗം വളരെയധികമാണ്. ഉദാ: ബെശമം (വിഷമം). വ കാരത്തിന് പകരം മകാരം സർവസാധാരണമാണ്. വാങ്ങുക എന്നതിന് മാങ്ങുക എന്നാണ് പഴയതീയർ പറയുക.
കാട്ടിൽ നായാട്ടിനിടയ്ക്ക് താഴ്ന്ന ശബ്ദമുള്ള ഭാഷയ്ക്കാണ് പ്രസക്തിയെന്ന് അവർക്കറിയാമായിരുന്നു. ഭാഷയ്ക്ക് ഗൗരവം കുറയ്ക്കാൻ അപ്പ ചേർക്കുന്ന പതിവും ഉണ്ട്.പോട്ടെ വിടൂ എന്ന് പറയുന്നതിന് പകരം പോട്ടപ്പ ബിട്ടേക്ക് എന്നാണ് പറയുക.ഇങ്ങനെ നൂറുകണക്കിന് ഭാഷാ പരമായ ഉദാഹരങ്ങൾ പറയാൻ കഴിയും.
ഇതൊക്കെ തന്നെ തലശേരി തീയരുടെ കുടക് ബന്ധമാണ് തെളിയിക്കുന്നത്.ഇന്ന് വൈശ്യ തീയനേയും കുടക തീയനേയും ഒന്നും തിരിച്ചറിയാൻ പറ്റാതായിരിക്കുന്നു. നഗരവൽക്കരണവും വിദ്യാഭ്യാസവും പരിഷ്ക്കാരവും തൊഴിൽ മാറ്റവും അവരെ പാടേ മാറ്റിയിരിക്കുന്നു.