കൊച്ചി: അഫ്ഗാനിസ്താനിൽനിന്നും ഹെറോയിനും മറ്റു മയക്കുമരുന്നുകളും എത്തുന്നത് ഇറാൻ തുറമുഖങ്ങളിലൂടെ. ഇറാനിലെ ചാബഹാർ, ബന്ധാർ അബ്ബാസ് തുറമുഖങ്ങളാണ് ഇന്ത്യയിലേക്കുള്ള മയക്കുമരുന്നുകടത്തിന്റെ കവാടമായി പ്രവർത്തിക്കുന്നതെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾക്കു ലഭിച്ച വിവരം. അഫ്ഗാനിസ്താനിൽനിന്ന് നേരിട്ടും പാകിസ്താനിലൂടെയുമാണ് മയക്കുമരുന്നെത്തുന്നത്.
പിന്നീട് കപ്പലുകളിൽ ഇന്ത്യൻ സമുദ്രാതിർത്തിയിലെത്തിച്ച് മത്സ്യബന്ധന ബോട്ടുകളെന്ന മറവിൽ ഇന്ത്യൻ തീരത്ത് എത്തിക്കും. നർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ (എൻ.സി.ബി.) അന്വേഷണത്തിലാണ് തുറമുഖങ്ങളിലൂടെയുള്ള മയക്കുമരുന്ന് കടത്തിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.
താലിബാൻ ഭരണത്തിന് കീഴിലായതോടെ അഫ്ഗാനിസ്താൻ ധനസമ്പാദനത്തിന് പ്രധാനമായും മയക്കുമരുന്ന് ഉത്പാദനത്തെയാണ് ആശ്രയിക്കുന്നത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസും (ഡി.ആർ.ഐ.) ഇന്ത്യൻ കോസ്റ്റുഗാർഡും ചേർന്ന് കഴിഞ്ഞ ദിവസം പിടികൂടിയ 1,526 കോടി രൂപയുടെ ഹെറോയിൻ ഇറാനിലൂടെ എത്തിച്ചതാണെന്നാണ് കരുതുന്നത്.
ഐക്യരാഷ്ട്രസഭയുടെ പഠനറിപ്പോർട്ടനുസരിച്ച് 1999-2000 കാലഘട്ടത്തിൽ 200 ടൺ ആയിരുന്നു അഫ്ഗാനിസ്താനിലെ മയക്കുമരുന്നുത്പാദനം. 2022-ൽ ഇത് 12,000 ടൺ എങ്കിലും എത്തിയിരിക്കാമെന്നാണ് കരുതുന്നത്. ഒരുവർഷത്തിനിടെ ഡി.ആർ.ഐ. മാത്രം 3,800 കിലോ ഹെറോയിനാണ് പിടികൂടിയത്. അന്താരാഷ്ടവിപണിയിൽ 26,000 കോടി രൂപ വിലമതിക്കുന്നതാണിത്. ഇതിന്റെ പത്തിരട്ടിയെങ്കിലും മയക്കുമരുന്ന് കേരളത്തിലേക്ക് ഉൾപ്പെടെ എത്തുന്നുണ്ടാകാമെന്നാണ് സൂചന.