സംഭവം യശ് ചോപ്രയുടെ സിനിമയുടെ കഥ പോലെ തോന്നുവെങ്കിൽ തികച്ചും യാദൃശ്ചികമാണ്. ആവശ്യത്തിലധികം സമ്പത്തും സൗഭാഗ്യങ്ങളുമുണ്ടായിട്ടും വ്യവസായപ്രമുഖനായ രത്തൻ ടാറ്റ എന്തുകൊണ്ട് അവിവാഹിതനായി തുടരുന്നു?
വ്യക്തിപരമായ കാര്യങ്ങൾ കൂടുതലൊന്നും വെളിപ്പെടുത്തുന്നത് ഇഷ്ടപ്പെടാത്ത രത്തൻ ടാറ്റ.
1962ലെ ഇന്ത്യ-ചൈന യുദ്ധത്തോടെ മുറിഞ്ഞുപോയ തന്റെ കന്നിപ്രണയത്തെ കുറിച്ച് ഈയടുത്താണ് മാധ്യമങ്ങൾക്ക് മുന്നിൽ മനസ് തുറന്നത്. യുദ്ധം സമ്പന്നനെന്നോ ദരിദ്രനെന്നോ വേർതിരിവില്ലാതെ മനുഷ്യബന്ധങ്ങളെ ഏതെല്ലാം തരത്തിൽ ബാധിക്കുമെന്നതിന് ഒരുദാഹരണമാണീ സംഭവം.
അക്കാലത്ത് ലോസ് ഏഞ്ചൽസിൽ താമസിക്കുന്ന അമേരിക്കൻ പെൺകുട്ടിയുമായി രത്തൻ ടാറ്റ പ്രണയത്തിലായിരുന്നു. മറ്റൊരു പെൺകുട്ടിയെ ഒരിക്കലും താൻ വിവാഹം കഴിക്കില്ലെന്ന് പ്രണയിനിയോട് രത്തൻ അന്നേ വാഗ്ദത്തം ചെയ്തിരുന്നു.
മുത്തശ്ശിക്ക് അസുഖമാണെന്ന് രത്തൻ ടാറ്റയ്ക്ക് അറിയിപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന് ഇന്ത്യയിലേക്ക് തിരികെ പോകേണ്ടി വന്നു. പെൺകുട്ടിയോട് തന്നോടൊപ്പം ഇന്ത്യയിലേക്ക് വരാൻ ടാറ്റ ആവശ്യപ്പെട്ടുവെങ്കിലും 1962ലെ ഇന്ത്യ-ചൈന യുദ്ധം കൊടുമ്പിരിക്കൊണ്ട കാരണം പെൺകുട്ടിയുടെ മാതാപിതാക്കൾ അവളോടൊപ്പം ഇന്ത്യ സന്ദർശിക്കാൻ വിസമ്മതിക്കുകയുണ്ടായി.
ഇക്കാലയളവിൽ മുത്തശ്ശി ചരമം പ്രാപിക്കുകയും മാതാപിതാക്കളുടെ ഇഷ്ടപ്രകാരം ആ പെൺകുട്ടി മറ്റൊരാളെ വിവാഹം കഴിക്കുകയും ചെയ്തു. ഇതറിഞ്ഞതോടെ, വാഗ്ദാനം പാലിക്കുമെന്നും മറ്റൊരു പെൺകുട്ടിയെ ഇനി വിവാഹം കഴിക്കില്ലെന്നും അദ്ദേഹം തീരുമാനിക്കുന്നു. പെൺകുട്ടി തേച്ചിട്ട് പോയെങ്കിലും തന്റെ പ്രണയവാഗദാനത്തോട് റ്റാറ്റ പറയാൻ ടാറ്റ ഒരുക്കമല്ലായിരുന്നു.
ഒരിക്കൽ അഭിമുഖം നടത്തുന്നയാൾ ചോദിച്ചു, “പെൺകുട്ടി പോയതിന് ശേഷവും നിങ്ങൾ വാക്ക് പാലിച്ചതെന്തിന്?”.
അദ്ദേഹം പറഞ്ഞു, “വാഗ്ദാനത്തിന്റെ ഭക്തിനിർഭരമായ പ്രാധാന്യമാണ് ഒരാൾ അകന്നുപോകുമ്പോൾ പരീക്ഷിക്കപ്പെടുന്നത്. പ്രിയപ്പെട്ടവർ പോയതിനു ശേഷവും നിങ്ങൾ അവരോടുള്ള വാഗ്ദാനം പാലിക്കുന്നുവെങ്കിൽ, നിങ്ങൾ യതാർത്ഥത്തിൽ അവരെ സ്നേഹിക്കുകയായിരുന്നു എന്ന് പറയാം”.