മാനന്തവാടി: ഭക്ഷ്യസുരക്ഷാവിഭാഗവും ആരോഗ്യവകുപ്പും ആരോഗ്യവിഭാഗവും പരിശോധനകൾ കർശനമാക്കുന്നെന്ന് പറയുമ്പോഴും മായംചേർന്നതും പുഴുവരിക്കുന്നതുമായ മീനുകൾ പലയിടങ്ങളിലും സുലഭം. ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലെന്ന ആവലാതിയാണ് ഭക്ഷ്യസുരക്ഷാവകുപ്പിനുള്ളത്. ഉദ്യോഗസ്ഥർ നടത്തുന്ന പരിശോധനകൾ പ്രഹസനമാകുന്നെന്ന ആക്ഷേപം പരക്കെയുണ്ട്.
കഴിഞ്ഞ ദിവസം എടവക മാങ്ങലാടിയിലെ ഒരുവീട്ടിൽ വിറ്റ മീനിൽനിന്ന് പുഴുക്കളെ കണ്ടെത്തിയിരുന്നു. എല്ലാവിഭാഗവും പരിശോധന തകൃതിയായി നടത്തുന്നതിനിടെയാണിത്. വെള്ളമുണ്ടയിലെ ഒരു ചില്ലറ വിൽപ്പനക്കാരനിൽനിന്നാണ് വീട്ടുകാർ മത്സ്യംവാങ്ങിയത്. മായംകലർത്തിയാൽ മീനിന്റെ പഴക്കം തിരിച്ചറിയില്ലെന്നതിനാൽ പല വിൽപ്പനക്കാരും ചതിയിൽപ്പെട്ട് ഗുണമേന്മയില്ലാത്ത മീനുകൾ വാങ്ങി വീടുകളിലെത്തിക്കുകയാണ്. മൊത്തക്കച്ചവടക്കാരുടെയും ഇടനിലക്കാരുടെയും ചൂഷണങ്ങൾക്ക് ചില്ലറവിൽപ്പനക്കാർ വിധേയരാകുമ്പോൾ സാധാരണക്കാരന്റെ ആരോഗ്യമാണ് നഷ്ടമാകുന്നത്.
മാനന്തവാടിയിലെ മിക്ക ഹോട്ടലുകളിലും ഭക്ഷണം പാകംചെയ്യാനും മറ്റുമായി ജലഅതോറിറ്റിയുടെ വെള്ളത്തെയാണ് ആശ്രയിക്കുന്നത്. ചില ദിവസങ്ങളിൽ ബ്ലീച്ചിങ് പൗഡർ മണത്ത് വെള്ളം മുഖത്തോട് അടുപ്പിക്കാനാകില്ല. മഴ കനത്താൽ ജലഅതോറ്റിയുടെ പൈപ്പിലൂടെവരുന്ന വെള്ളവും കലങ്ങും. ഇത് മനസ്സിലാകാതിരിക്കാൻ ഹോട്ടലിലുള്ളവർ ദാഹശമനിപ്പൊടിയും മറ്റുംചേർത്ത് നിറംമാറ്റിയ വെള്ളമാണ് നൽകുക. ചൂടുവെള്ളത്തിൽ തിളപ്പിക്കാത്ത വെള്ളം ചേർത്ത് നേർപ്പിച്ചുകുടിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്നിരിക്കെ ഇതുതന്നെയാണ് എല്ലായിടത്തും നടക്കുന്നത്.
പരിശോധിക്കേണ്ടവർ ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുന്നതായാണ് ആക്ഷേപം.
തങ്ങളുടെ ആരോഗ്യത്തിന് ഹാനികരമായി ഭക്ഷണംനൽകുന്ന സ്ഥാപനങ്ങളുടെ പേരറിയാൻ പൊതുജനത്തിന് താത്പര്യമുണ്ടെങ്കിലും മിക്ക ഉദ്യോഗസ്ഥരും പേരുവിവരങ്ങൾ മറച്ചുവെക്കുന്നതായാണ് ആരോപണം. കഴിഞ്ഞ ദിവസം മാനന്തവാടി നഗരസഭയിലെ നാലുഹോട്ടലുകളിൽനിന്ന് നഗരസഭാ ആരോഗ്യവിഭാഗം പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടിയിരുന്നു. എന്നാൽ, ഉദ്യോഗസ്ഥർ പേരുകൾ പുറത്തറിയിച്ചിട്ടില്ല. പേരുകളും മറ്റും പുറത്തറിയിച്ച് അത്തരം സ്ഥാപനങ്ങളെ ഗുണമേന്മയുള്ള ഭക്ഷണം വിതരണംചെയ്യുന്നതിന് സജ്ജരാക്കേണ്ട ഉദ്യോഗസ്ഥർതന്നെ അനങ്ങാപ്പാറനയം സ്വീകരിക്കുന്നതായാണ് ആരോപണം. സ്ഥാപനങ്ങളുടെ പേരുകൾ മറച്ചുവെച്ച് ഇവരിൽനിന്ന് ചില ഉദ്യോഗസ്ഥർ സാമ്പത്തികനേട്ടമുണ്ടാക്കുന്നതായും ആരോപണമുണ്ട്.