തിരുവനന്തപുരം • സംസ്ഥാന സർക്കാരിന്റെ ജനപിന്തുണ വർധിച്ചെന്നും അതാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിസന്ധികൾക്കിടയിലും സർക്കാർ ഉത്തരവാദിത്തം നിറവേറ്റി. വർധിച്ച ആത്മവിശ്വാസത്തോടെയാണ് രണ്ടാം വർഷത്തിലേക്കു കടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘സിൽവർലൈൻ പദ്ധതിയടക്കം സർക്കാർ പ്രഖ്യാപിച്ച ഒരു പദ്ധതിയിൽ നിന്നും പിന്നോട്ടുപോകില്ല. ജനങ്ങളുടെ പിന്തുണയോടെ ജനങ്ങൾക്ക് നൽകിയ വാഗ്‌ദാനം പാലിക്കും. സിൽവർലൈൻ സർവേയ്ക്ക് കല്ലിടണമെന്ന് നിർബന്ധമില്ല. കല്ലിടണമെന്ന് നിർബന്ധമില്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ ഉത്തരവ്’- മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
‘സർക്കാർ കെഎസ്ആർടിസിയെ കൈവിടില്ല. കെടുകാര്യസ്ഥതയ്ക്ക് നികുതി പണം ചിലവാക്കുകയല്ല വേണ്ടത്. യാഥാർഥ്യങ്ങൾ അനുസരിച്ചുള്ള ഇടപെടലാണ് കെഎസ്ആർടിസി വിഷയത്തിൽ വേണ്ടത്’-മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പ്രകടനപത്രികയിലെ മുഴുവൻ വാഗ്ദാനങ്ങളും നടപ്പാക്കാൻ സർക്കാർ ശ്രമിച്ചുവരികയാണ്. ദേശീയ-രാജ്യാന്തര തലത്തിൽ കേരളത്തിന് അംഗീകാരം ലഭിച്ചു. സംസ്ഥാനത്ത് 64,006 കുടുംബങ്ങൾ തീവ്രദരിദ്ര വിഭാഗത്തിൽ ഉള്ളവരാണ്. 14,000 ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് ഉടൻ നൽകാനാണ് പദ്ധതി. അടുത്ത മാസം ലൈഫ് പദ്ധതിയിലെ വീടുകളുടെ എണ്ണം 3 ലക്ഷം പിന്നിടും’– മുഖ്യമന്ത്രി പറഞ്ഞു.
‘ഇതുവരെ 2.95 ലക്ഷം ലൈഫ് വീടുകൾ നിർമ്മിച്ചു. ഈ സർക്കാർ 32,000 വീടുകൾ പൂർത്തിയാക്കി കൈമാറി. 22,342 പേർക്ക് പിഎസ്‌സി വഴി നിയമനശുപാർശ നൽകി. 14,000 ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് ഉടൻ നൽകാനാണ് പദ്ധതി. ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ 1600 റോഡുകളുടെ നിർമ്മാണം പൂർത്തീകരിച്ചു. 38.5 മെഗാവാട്ടിന്റെ ജലവൈദ്യുത പദ്ധതികൾ പൂർത്തിയാക്കി. ലക്ഷ്യമിട്ടതിലും കൂടുതൽ പേർക്ക് പട്ടയം വിതരണം ചെയ്‌തു. ഇതുവരെ 33,530 പട്ടയങ്ങൾ നൽകി. 20,750 ഓഫിസുകൾക്ക് കെ-ഫോൺ കണക്‌ഷൻ നൽകും.’-മുഖ്യമന്ത്രി വ്യക്തമാക്കി.
‘ഗ്രാമ-നഗര വ്യത്യാസമില്ലാതെ തരിശുഭൂമികൾ കൃഷിയോഗ്യമാക്കി. തൊഴിലുറപ്പ് തൊഴിലാളികളുടെ എണ്ണം 15 ലക്ഷമായി ഉയർത്തുമെന്ന വാഗ്‌ദാനം നടപ്പിലാക്കി. ജനങ്ങളോടുള്ള പ്രതിബദ്ധത മുറുക്കെപ്പിടിച്ച് മുന്നോട്ടുപോകും. എല്ലാ മേഖലയിലെയും നൂതനത്വമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ജൂൺ 1ന് പുതിയ അധ്യയന വർഷം ആരംഭിക്കുകയാണ്. 144 പുതിയ സ്‌കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം ഈ വർഷം പൂർത്തിയായി’- മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.