ഒന്നാം താലിബാന് (Taliban) ഭരണത്തില്‍ നിന്നും തികച്ചും വ്യത്യസ്തമാകും രണ്ടാം താലിബാന്‍ ഭരണമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് 2021 ഓഗസ്റ്റ് 15 ന് നടന്ന അമേരിക്കന്‍ (US) പിന്മാറ്റത്തിന് പിന്നാലെ അഫ്ഗാനിസ്ഥാനില്‍ (Afghanistan) താലിബാന്‍ അധികാരമേറ്റത്. എന്നാല്‍, അധികാരമേറ്റ് അധികകാലം കഴിയും മുമ്പേ, തങ്ങളുടെ മുന്‍ നിലപാടുകള്‍ ആദ്യകാല നിലപാടുകള്‍ തന്നെയാണ് ഇപ്പോഴുമുള്ളതെന്ന് പ്രവര്‍ത്തിയിലൂടെ ലോകത്തിന് വ്യക്തമാക്കി കൊടുക്കുകയാണ് താലിബാന്‍.
രണ്ടാം തവണ അധികാരമേറ്റപ്പോള്‍ രാജ്യം കടുത്ത സാമ്പത്തിക, ഭക്ഷ്യ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഈ സമയം വിദേശരാജ്യങ്ങളില്‍ നിന്നുള്ള സാമ്പത്തിക സഹായം നിലയ്ക്കാതിരിക്കാനാണ് തങ്ങളുടെ നിലപാടുകള്‍ മാറിയെന്ന് താലിബാന്‍ ഉദ്ഘോഷിച്ചത്. എന്നാല്‍, അധികാരമേറ്റ് ഏഴ് മാസങ്ങള്‍ കഴിയുമ്പോള്‍ അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ കടുത്ത വിവേചനത്തിലൂടെയാണ് കടന്നുപോകുന്നതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നുതുടങ്ങി. സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ വിലക്ക്.
സ്ത്രീകളുടെ വസ്ത്രധാരണം തീരുമാനിക്കുന്നതും താലിബാന്‍. തുടങ്ങി സ്ത്രീകളുടെ നിത്യജീവിതത്തിലെ എല്ലാ കാര്യങ്ങളിലും പുരുഷസാന്നിധ്യം നിര്‍ബന്ധം. സ്ത്രീയെന്നാല്‍ രണ്ടാം താലിബാന് കീഴിയില്‍ കുറ്റവാളിക്ക് സമമെന്നാണ് ഇപ്പോള്‍ അഫ്ഗാനില്‍ നിന്ന് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.