ജൊഹാനസ്ബര്‍ഗ്: ലോകമെമ്പാടും ബ്ലാക്ക് ലൈവ്സ് മാറ്റര്‍ ക്യാംപെയിനിന് പിന്തുണ വര്‍ധിക്കുന്നതിനിടെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിനെ പിടിച്ചുകുലുക്കി പുതിയ വെളിപ്പെടുത്തലുമായി മുന്‍ താരം മഖായ എന്‍ടിനി. സഹതാരങ്ങളില്‍ നിന്നും നിറത്തിന്റെ പേരില്‍ തനിക്ക് വിവേചനവും ഒറ്റപ്പെടുത്തലും നേരിട്ടിട്ടുണ്ടെന്ന് എന്‍ടിനി വെളിപ്പെടുത്തി. എല്ലാവരും അത്താഴത്തിന് പോകുമ്പോള്‍ ആരും എന്റെ വാതിലില്‍ വന്ന് വരുന്നോ എന്ന് ചോദിച്ച് ഒരിക്കലും മുട്ടിയിട്ടില്ല. എന്റെ മുന്നില്‍ നിന്ന് മറ്റുള്ളവര്‍ ഓരോ കാര്യങ്ങളും പ്ലാന്‍ ചെയ്യുമ്പോള്‍ വെറുമൊരു നോക്കുകുത്തിയായി എനിക്ക് നില്‍ക്കേണ്ടിവന്നിട്ടുണ്ട്.
അതുപോലെ പ്രഭാത ഭക്ഷണത്തിന് ഇരിക്കുമ്പോള്‍ എന്റെ സമീപം വന്നിരിക്കാന്‍ ആരും തയാറായിട്ടില്ല. ഞങ്ങളെല്ലാം ഒരേ ജേഴ്സിയാണ് ധരിക്കുന്നത്. ഒരേ ദേശീയഗാനമാണ് ആലപിക്കുന്നത്. പക്ഷെ ഈ ഒറ്റപ്പെടുത്തല്‍ ഞാന്‍ അനുഭവിച്ചിട്ടുണ്ട്. ഈ ഒറ്റപ്പെടല്‍ ഒഴിവാക്കാന്‍ പലപ്പോഴും ടീം ബസില്‍ യാത്ര ചെയ്യാതെ മാറി നിന്നിട്ടുണ്ട്. പകരം സ്റ്റേഡിയത്തിലേക്ക് ഓടാനായിരുന്നു എനിക്ക് താല്‍പര്യം. ടീം ബസിന്റെ ഡ്രൈവറുടെ കൈവശം കിറ്റ് നല്‍കിയശേഷം ഞാന്‍ പലപ്പോഴും സ്റ്റേഡിയത്തിലേക്ക് ഓടിയാണ് പോവാറുള്ളത്. തിരിച്ചുപോകുമ്പോഴും ഞാനത് തന്നെയാണ് ചെയ്യാറുള്ളത് എന്നും അദ്ദേഹം വെളിപ്പെടുത്തി.