ന്യൂഡൽഹി: കോവിഡ് ബാധിച്ചു മരിച്ച അമ്മയുടെ മൃതദേഹം കേരളത്തിലെത്തിച്ചു സംസ്കാരം നടത്തിയെന്ന ആരോപണം നിഷേധിച്ചു മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അൽഫോണ്‍സ് കണ്ണന്താനം. അമ്മക്ക് കോവിഡ് ബാധിച്ചെങ്കിലും അതു ഭേദമായ ശേഷമാണ് മരിച്ചതെന്നും അതുകൊണ്ടാണ് കേരളത്തിൽ എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.കണ്ണന്താനത്തിനെതിരെ പൊതുപ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ ഉന്നയിച്ച ആരോപണത്തിനെതിരെയാണ് മറുപടിയുമായി കണ്ണന്താനം എത്തിയത്.
മേയ് 28-ന് അമ്മയെ കോവിഡ് പോസിറ്റീവായി ഡൽഹിയിൽ എയിംസിൽ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. ജൂണ്‍ അഞ്ചിനു നടത്തിയ രണ്ടാമത്തെ പരിശോധനയിൽ കോവിഡ് നെഗറ്റീവായി. ജൂണ്‍ 10-ന് വീണ്ടും എയിംസിൽ തന്നെ പരിശോധന നടത്തി. അതിലും ഫലം നെഗറ്റീവായിരുന്നു. കോവിഡ് മുക്തയായെങ്കിലും പ്രധാന അവയങ്ങളെ രോഗം മോശമായി ബാധിച്ചു. വൃക്കകൾ തകരാറിലാകുകയും ഹൃദയ സ്തംഭനത്തെ തുടർന്നു പിന്നീട് മരിക്കുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. പരിശോധനാ ഫലത്തിന്റെ പകർപ്പും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ചേർത്തിട്ടുണ്ട്.