തൃശൂര്‍: തൃശൂര്‍ കുന്നംകുളത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കൊലപ്പെടുത്തിയത് ആര്‍എസ്‌എസ്-ബജ്‌റംഗ്‌ദള്‍ പ്രവര്‍ത്തകരെന്ന് മന്ത്രി എ.സി.മൊയ്‌തീന്‍. കുന്നംകുളം നിയോജകമണ്ഡലത്തിലെ എംഎല്‍എ കൂടിയാണ് എ.സി.മൊയ്‌തീന്‍.
സിപിഎം പുതുശേരി ബ്രാഞ്ച് സെക്രട്ടറി സനൂപിനെ ആര്‍എസ്‌എസ് ബജ്റംഗ്‌ദള്‍ പ്രവര്‍ത്തകര്‍ നിഷ്‌ഠൂരമായി കൊലപ്പെടുത്തിയെന്ന് മൊയ്‌തീന്‍ ആരോപിച്ചു. കൂടെയുള്ള മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്കും അക്രമത്തില്‍ ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. പുതുശേരി പ്രദേശത്ത് കക്ഷിരാഷ്ട്രീയതിനതീതമായി എപ്പോഴും ജനങ്ങള്‍ക്കിടയിലുണ്ടായിരുന്ന സഖാവാണ് കൊല്ലപ്പെട്ട സനൂപ് എന്ന് മന്ത്രി പറഞ്ഞു. ഡിവെെഎഫ്‌ഐയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും, കൂട്ടിരുപ്പുകാര്‍ക്കും ഭക്ഷണം നല്‍കാനുള്ള പ്രവര്‍ത്തനത്തിലായിരുന്നു സനൂപ് എന്നും മന്ത്രി ഓര്‍മിച്ചു. രാഷ്ട്രീയത്തെ കൊലക്കത്തികളുടെ മൂര്‍ച്ചയാല്‍ ഇല്ലാതാക്കാമെന്ന ആര്‍എസ്‌എസ്/ബിജെപി-കോണ്‍ഗ്രസ് ചിന്തകളുടെ ഭാഗമായാണ് കേരളത്തില്‍ സിപിഎം പ്രവര്‍ത്തകരെ കൊലപ്പെടുത്തുന്നതെന്ന് മന്ത്രി വിമര്‍ശിച്ചു. നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന ആര്‍എസ്‌എസ്/ബിജെപി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊലക്കത്തി താഴെവയ്‌ക്കാന്‍ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.സിപിഎം പുതുശേരി ബ്രാഞ്ച് സെക്രട്ടറിയായ പേരാലില്‍ സനൂപ്(26) ആണ് ഇന്നലെ രാത്രി കൊല്ലപ്പെട്ടത്. മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ഇന്നലെ രാത്രി പതിനൊന്നോടെ എരുമപ്പെട്ടി ഇയ്യാല്‍ ചിറ്റിലങ്ങാട്ടാണ് സംഭവം.
സുഹൃത്തുക്കളായ അഞ്ഞൂര്‍ സി ഐ ടി യു തൊഴിലാളി ജിതിന്‍, പുതുശ്ശേരി സ്വദേശിയായ സി പി എം പ്രവര്‍ത്തകന്‍ വിപിന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. സുഹൃത്തിനെ ചിറ്റിലങ്ങാട് എത്തിച്ച് സനൂപും സംഘവും തിരിച്ചുവരുമ്ബോഴായിരുന്നു ആക്രമണം. സനൂപ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ആക്രമണത്തില്‍ പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.
സംഭവമറിഞ്ഞെത്തിയവരാാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമികളുടേതെന്ന് കരുതുന്ന കാര്‍ താലൂക്ക് ആശുപത്രി പരിസരത്ത് നിന്ന് പൊലീസ് കണ്ടെത്തി. കൊലപാതകത്തിന് പിന്നില്‍ ബജ്‌റംഗ്‌ദള്‍ പ്രവര്‍ത്തകരാണെന്ന് സിപിഎമ്മും ആരോപിച്ചു.
.