വടക്കഞ്ചേരി (പാലക്കാട്)• പന്നിയങ്കര ടോൾ പ്ലാസയിൽ സ്വകാര്യ ബസുകൾ ടോൾ നൽകാതെ ഓടിത്തുടങ്ങി. ഇന്ന് രാവിലെ മുതലാണ് ബസുകൾ ഓടിത്തുടങ്ങിയത്. അമിതമായ ടോൾ നിരക്കിൽ പ്രതിഷേധിച്ച് കഴിഞ്ഞ 28 ദിവസമായി തൃശൂർ-പാലക്കാട്, തൃശൂർ-ഗോവിന്ദാപുരം റൂട്ടിൽ സ്വകാര്യ ബസുടമകളും തൊഴിലാളികളും പണിമുടക്കി നിരാഹാര സമരം നടത്തുകയായിരുന്നു.
കരാർ കമ്പനിയും ദേശീയപാത അതോറിറ്റിയും ചർച്ചയ്ക്ക് പോലും തയാറാകാതിരുന്നതോടെയാണ് ഇന്നലെ സമരം അവസാനിപ്പിച്ച് ഇന്നു മുതൽ ബസ് ഓടിത്തുടങ്ങിയത്. രമ്യ ഹരിദാസ് എംപി, പി.പി.സുമോദ് എംഎൽഎ എന്നിവർ ടോൾ പ്ലാസയിൽ എത്തി സമരക്കാരോടൊപ്പം ബാരിയർ ഉയർത്തി വാഹനങ്ങൾ കടത്തിവിട്ടു.
സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ ബസ് പണിമുടക്ക് തുടർന്നിട്ടും ഒരു നടപടിയും സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയാറാകാതിരുന്നതോടെയാണ് സംയുക്ത സമരസമിതി ബസ് സർവീസ് വീണ്ടും തുടങ്ങിയത്. പൊലീസ് ഉണ്ടായിട്ടും ടോൾ പ്ലാസ അധികൃതർ ബസുകൾ തടഞ്ഞില്ല.