പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം: പരാതിയില്ലെന്ന് യുവതി.

0
33

കൊച്ചി: പന്തീരാങ്കാവ് ഗാർഹിക പീഡന കേസില്‍ ദമ്ബതികളെ കൗണ്‍സിലിങിന് വിടാൻ ഹൈക്കോടതി നിർദ്ദേശം നല്‍കി. ഇരുവർക്കും കൗണ്‍സിലിങ് നല്‍കിയ ശേഷം റിപ്പോർട്ട് സീല്‍ഡ് കവറില്‍ ഹാജരാക്കാൻ കെല്‍സയ്ക്ക് (കേരള ലീഗല്‍ സ‍ർവീസ് അതോറിറ്റി) ഹൈക്കോടതി നിർദ്ദേശം നല്‍കി.

ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ പീഡനത്തിന് ഇരയായ യുവതിയോട് ഹൈക്കോടതി നേരിട്ട് വിവരങ്ങള്‍ തേടി. തനിക്ക് പരാതിയില്ലെന്ന നിലപാട് യുവതി ഹൈക്കോടതിയില്‍ സ്വീകരിച്ചു. ആരും തന്നെ ഇങ്ങനെ പറയാൻ നിർബന്ധിച്ചിട്ടില്ലെന്നും യുവതി കോടതിയോട് പറഞ്ഞു.

കുടുംബ ബന്ധങ്ങളില്‍ പല പ്രശ്നങ്ങളും ഉണ്ടാകുമെന്നും എല്ലാത്തിലും ഇടപെടാൻ കോടതിക്ക് പരിമിതിയുണ്ടെന്നും വ്യക്തമാക്കിക്കൊണ്ടാണ് ഹൈക്കോടതി ഇരുവരെയും കൗണ്‍സിലിങിന് അയച്ചത്.

ഗുരുതര ആരോപണങ്ങളാണ് കേസിലുള്ളതെന്ന് സർക്കാർ ഹൈക്കോടതിയില്‍ നിലപാടെടുത്തു. സർക്കാർ അഭിഭാഷകൻ റിപ്പോർട്ട് കോടതിയില്‍ വായിച്ചു കേള്‍പ്പിച്ചു. പരാതിക്കാരിയുടെ ശരീരത്തില്‍ മാരകമായ മുറിവുകള്‍ ഉണ്ടായിരുന്നുവെന്ന് സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

പരാതി ഉയർന്നു വന്നതോടെ രാഹുല്‍ ഒളിവില്‍ പോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ സമയത്താണ് കുടുംബ ബന്ധങ്ങളിലെ എല്ലാ പ്രശ്നങ്ങളിലും ഇടപെടാനാവില്ലെന്ന് ഹൈക്കോടതി നിലപാടെടുത്തത്. കൗണ്‍സിലിങ് റിപ്പോർട്ട്‌ തൃപ്തികരമെങ്കില്‍ ഇരുവരെയും ഒരുമിച്ച്‌ ജീവിക്കാൻ വിടുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. രണ്ട് പേരും ഒരുമിച്ച്‌ ജീവിക്കുന്നതില്‍ സർക്കാർ എതിരല്ലെന്ന് സർക്കാർ അഭിഭാഷകനും വ്യക്തമാക്കി. ഹർജി ഈ മാസം 21 ന് വീണ്ടും പരിഗണിക്കാനായി മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here