അതിരപ്പിള്ളി • പെരിങ്ങൽക്കുത്ത് ജലവൈദ്യുത നിലയത്തിൽ നിന്നുള്ള ഉൽപാദനത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെ ചാലക്കുടിപ്പുഴയിൽ ക്രമാതീതമായി വെള്ളം താഴ്ന്നു. ഇതോടെ അവധി ദിനങ്ങളിൽ അതിരപ്പിള്ളിയിൽ എത്തിയ സന്ദർശകരെ കാത്തിരുന്നത് നേർത്ത വെള്ളച്ചാട്ടം മാത്രം. അയൽ സംസ്ഥാനങ്ങളിൽ നിന്നടക്കം നൂറുകണക്കിന് സഞ്ചാരികൾ അതിരപ്പിള്ളിയിൽ എത്തി.
രാവിലെ മുതൽ വിനോദ കേന്ദ്രങ്ങളിൽ സന്ദർശകരുടെ തിരക്ക് അനുഭവപ്പെട്ടെങ്കിലും വെള്ളമില്ലാത്ത വെള്ളച്ചാട്ടം കാണാൻ നിൽക്കാതെ സന്ദർശകർ അടുത്ത ടൂറിസം കേന്ദ്രങ്ങളിലേക്ക് തിരിച്ചു. തുടർച്ചയായി വേനൽമഴ ലഭിച്ചിട്ടും പുഴയിലെ വെള്ളം ഏറ്റവും കുറഞ്ഞ നിലയിലേക്കു താഴ്ന്നത് സന്ദർശകരിൽ നിരാശയുണ്ടാക്കി. വേനൽ രൂക്ഷതയിലും വെള്ളച്ചാട്ടം മൂന്ന് കൈവഴികളിലൂടെയാണ് ഒഴുകിയിരുന്നത്. പുഴ വറ്റിയതോടെ കുടിവെള്ള പദ്ധതികളുടെ പ്രവർത്തനവും താളം തെറ്റി. സുരക്ഷാ ജീവനക്കാരുടെ കുറവുമൂലം ടിക്കറ്റ് കൗണ്ടർ മുതൽ ഇട്ട്യാനി വരെ ഗതാഗതക്കുരുക്കിന് കാരണമായി.