ന്യൂഡൽഹി: രാജ്യത്ത് ഒറ്റ ദിവസത്തെ കോവിഡ് ബാധിതരുടെ എണ്ണം ആദ്യമായി മുപ്പതിനായിരം കടന്നു. 24 മണിക്കൂറിനിടെ 32,695 കേസുകളും 606 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആറു ലക്ഷത്തിലധികം പേര്‍ക്ക് രോഗം ഭേദമായത് ആശ്വാസമാകുന്നുണ്ട്. കോവിഡ് ചികില്‍സയ്ക്ക് ചെലവു കുറഞ്ഞ മരുന്നുകള്‍ ലഭ്യമാക്കണമെന്ന് പാര്‍ലമെന്‍ററി സമിതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചു.
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം പത്തു ലക്ഷത്തിലേയ്ക്കടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 32,695 കേസുകളും 606 മരണവും റിപ്പോർട്ട് ചെയ്‍തു. ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ആകെ രോഗബാധിതര്‍ 9,68,876. മരണസംഖ്യ 24,915. ചികില്‍സയിലുള്ളത് 3,31,146 പേര്‍. 6,12,814 പേര്‍ക്ക് രോഗം ഭേദമായി. 24 മണിക്കൂറിനിടെ രോഗം മാറിയത് 20,783 പേര്‍ക്കാണ്. രോഗമുക്തി നിരക്ക് 63.25 ശതമാനം. ഇന്നലെ 3,26,826 സാംപിള്‍ പരിശോധിച്ചതായും ഐസിഎംആര്‍ അറിയിച്ചു. ഇതുവരെ പരിശോധിച്ചത് 1,27,39,490 സാംപിള്‍.
രോഗബാധിതരുടെ എണ്ണം മഹാരാഷ്ട്രയില്‍ 2.75 ലക്ഷവും തമിഴ്നാട്ടില്‍ ഒന്നര ലക്ഷവും കടന്നു. രോഗികളുടെ എണ്ണത്തില്‍ ഗുജറാത്തിനെ പിന്തള്ളി കര്‍ണാടക നാലാം സ്ഥാനത്തെത്തി. മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയില്‍ മരണ നിരക്ക് കുറവാണെന്നത് ആശ്വാസകരമാണ്. ബിഹാറില്‍ ഇന്നു മുതല്‍ ഈ മാസം അവസാനംവരെ ലോക്ഡൗണാണ്. കോവിഡ് ചികില്‍സയ്ക്ക് നല്‍കുന്ന മരുന്നുകള്‍ കരിച്ചന്തയില്‍ വില്‍ക്കപ്പെടുന്നത് തടയാന്‍ നടപടി വേണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആഭ്യന്തരകാര്യ പാര്‍ലമെന്‍ററി സമിതി നിര്‍ദേശിച്ചു. കുറഞ്ഞ ചെലവില്‍ മരുന്നുകള്‍ ലഭ്യമാക്കണം. വില നിയന്ത്രണം ഏര്‍പ്പെടുത്തണം. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, ആരോഗ്യമന്ത്രാലയ ജോയിന്‍റ് സെക്രട്ടറി ലവ് അഗര്‍വാള്‍ എന്നിവര്‍ പ്രതിരോധ നടപടികളും ലോക്ഡൗണ്‍ സാഹചര്യവും സമിതി മുന്‍പാകെ വിശദീകരിച്ചു. മരണനിരക്ക് ഒരു ശതമാനത്തില്‍ താഴെയാക്കുകയാണ് ലക്ഷ്യം. പകര്‍ച്ച വ്യാധി തടയല്‍ നിയമം പരിഷ്ക്കരിക്കണമെന്ന് യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു.