വടക്കഞ്ചേരി • പന്നിയങ്കര ടോൾ പ്ലാസയിൽ സ്വകാര്യബസുകളിൽ നിന്ന് അമിത ടോൾ പിരിക്കുന്നതിനെതിരെ ഇന്നലെ പി.പി.സുമോദ് എംഎൽഎ വിളിച്ച യോഗത്തില്‍ കരാർ കമ്പനിയും ദേശീയപാത അതോറിറ്റിയും പങ്കെടുത്തില്ല. പുതിയതായൊന്നും പറയാനില്ലെന്നും നിശ്ചയിച്ച ടോള്‍ നിരക്ക് എല്ലാവരും നല്‍കണമെന്നുമാണ് കരാര്‍ കമ്പനി അധികൃതര്‍ അറിയിച്ചത്. ദേശീയപാത അതോറിറ്റിയും തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്ന് നിലപാടെടുത്തു.
26 ദിവസം നിരാഹാര സമരവും ചർച്ചകളും നടത്തിയിട്ടും കരാർ കമ്പനിയും ദേശീയപാത അതോറിറ്റിയും ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്ന നിലപാടെടുത്തതോടെ സമരത്തിന്റെ രൂപം മാറ്റാൻ സംയുക്ത സമര സമിതി തീരുമാനിച്ചു. തൃശൂർ- പാലക്കാട്, തൃശൂർ- ഗോവിന്ദാപുരം റൂട്ടിലെ സ്വകാര്യ ബസ് ഉടമകളുടെയും ജീവനക്കാരുടെയും നേതൃത്വത്തിലാണ് ഒരു മാസത്തോളമായി സമരം തുടരുന്നത്. അടുത്ത ബുധനാഴ്ച മുതൽ സ്വകാര്യബസുകൾ സർവീസ് നടത്താൻ ഇന്നലെ ചേർന്ന യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം കലക്ടറേറ്റിൽ മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയില്‍ നടത്തിയ യോഗത്തിന് ദേശീയപാത അതോറിറ്റിയുടെയും കരാർ കമ്പനിയുടെയും പ്രതിനിധികൾ എത്തിയിരുന്നെങ്കിലും തീരുമാനം എടുക്കാന്‍ അധികാരമുള്ള കമ്പനി സിഇഒ അടക്കം യോഗത്തില്‍നിന്നു വിട്ടുനിന്നു. കലക്ടര്‍ വിളിച്ചിട്ട് സിഇഒ ഫോണ്‍ എടുക്കാനും തയാറായില്ല. പൊതുമരാമത്ത് വകുപ്പ് മന്ത്രി ആവശ്യപ്പെട്ട പ്രകാരമാണ് ജില്ലയിലെ മന്ത്രി കെ.കൃഷ്ണൻകുട്ടി ചർച്ചയിൽ പങ്കെടുത്തത്.
എന്നിട്ടും നിഷേധാത്മക നിലപാട് കരാര്‍ കമ്പനി സ്വീകരിച്ചതോടെ ജനകീയ പ്രശ്നം തീരുമാനമാകാതെ പിരിഞ്ഞു. ഇന്നലെയും ജനപ്രതിനിധികളെ മാനിക്കാന്‍ കരാര്‍ കമ്പനി തയാറായില്ല. ഇതോടെ ശക്തമായ പ്രതിഷേധമാണ് വിവിധ ഭാഗങ്ങളില്‍നിന്ന് ഉയര്‍ന്നത്. ടോള്‍ പ്ലാസ വഴി കടന്നുപോകുന്ന ബസുകള്‍ക്ക് സംരക്ഷണം നല്‍കുമെന്നും വിവിധ സംഘടനകള്‍ 4നു പ്രതിഷേധവുമായി ടോള്‍ പ്ലാസയ്ക്ക് മുന്‍പില്‍ ഉണ്ടാകുമെന്നും ജനകീയവേദി ഭാരവാഹികള്‍ യോഗത്തില്‍ അറിയിച്ചു.